...
Home News റഷ്യൻ പേടകം ലൂണ 25 ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചു

റഷ്യൻ പേടകം ലൂണ 25 ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചു

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയിലെയും മറ്റ് ബഹിരാകാശ ഏജന്‍സികളിലെയും ശാസ്ത്രജ്ഞര്‍ സമീപവര്‍ഷങ്ങളില്‍ ഗര്‍ത്തങ്ങളില്‍ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

449

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ ദൗത്യമെന്ന ലക്ഷ്യവുമായി പുറപ്പെട്ട റഷ്യൻ പേടകം ലൂണ 25 ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചു. റഷ്യൻ സമയം ഇന്ന് രാവിലെ 8.57(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.27)നാണ് പേടകം ഭ്രമണപഥത്തിലെത്തിയത്. ഏകദേശം അഞ്ച് ദിവസം വരെ ചന്ദ്രനെ വലയം ചെയ്യുന്ന പേടകം 21 നാണ് സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.

ഇന്ത്യയുടെ ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് നാലാഴ്ചകള്‍ക്ക് ശേഷമാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. ചന്ദ്രനിൽ കാണപ്പെടുന്ന ഗര്‍ത്തങ്ങളില്‍ ഘനീഭവിച്ച ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ് ലൂണ 25 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയിലെയും മറ്റ് ബഹിരാകാശ ഏജന്‍സികളിലെയും ശാസ്ത്രജ്ഞര്‍ സമീപവര്‍ഷങ്ങളില്‍ ഗര്‍ത്തങ്ങളില്‍ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒരു ചെറിയ കാറിന്റെ വലിപ്പമുള്ള ലൂണ 25 ദക്ഷിണധ്രുവത്തില്‍ ഏകദേശം ഒരു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

റഷ്യൻ പേടകം ബഹിരാകാശത്തുനിന്ന് പകർത്തിയ ആദ്യ ചിത്രങ്ങള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഈ ചിത്രങ്ങൾക്ക് പിന്നാലെ ഇന്ന് മറ്റൊരു കളര്‍ ചിത്രം കൂടി പേടകം അയച്ചു. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-3 ദൗത്യവും ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ് ലാൻഡ് ചെയ്യുന്നത്.

ലൂണ 25 ഇറങ്ങി രണ്ട് ദിവസത്തിന് ശേഷം 23ന് വൈകീട്ട് 5.47നാണ് ചന്ദ്രയാൻ-3ലെ ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. രണ്ടു രാജ്യങ്ങളുടെയും ദൗത്യങ്ങളുടെയും ലാൻഡിങ് സ്ഥലം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇരു ഏജൻസികളുടെയും പദ്ധതികളെ പരസ്പരം ബാധിക്കില്ലെന്ന് റോസ്‌കോസ്മോസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.