...
Home News Kerala ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി

117

അങ്കമാലി–എരുമേലി ശബരി റെയിൽപ്പാത നിർമ്മാണത്തിനായുള്ള ഭൂമിയേറ്റെടുപ്പിന് ഭരണാനുമതി ലഭിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായി ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി. പദ്ധതിയുടെ നടപ്പാക്കലിൽ നിർണായകമായ ഘട്ടമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

ശബരി പാതയ്ക്കായി ആകെ 348 ഹെക്ടർ ഭൂമി ആവശ്യമാണ്. ഇതിൽ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിൽ 152.05 ഹെക്ടർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ 119.89 ഹെക്ടർ, ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ ഉൾപ്പെടെ ആകെ 305.71 ഹെക്ടർ സ്ഥലമാണ് നിലവിൽ ഏറ്റെടുക്കുന്നത്.

പദ്ധതിയുടെ ആകെ ചെലവ് 3,800.9 കോടി രൂപയാണ്. ഇതിൽ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ നൽകും.

അങ്കമാലി മുതൽ കാലടി വരെ ഏഴ് കിലോമീറ്റർ പാത ഇതിനകം നിർമ്മിച്ചിട്ടുണ്ട്. കാലടിയിൽ റെയിൽവേ സ്റ്റേഷൻ സജ്ജമാണ്. പെരിയാറിന് കുറുകെ ഏകദേശം ഒരു കിലോമീറ്റർ നീളമുള്ള പാലവും നിർമ്മിച്ചിട്ടുണ്ട്. പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം എന്നിവിടങ്ങളിലെ സ്റ്റേഷനുകൾക്കായി സ്ഥലത്ത് കല്ലിടൽ പൂർത്തിയായി.

ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ സ്റ്റേഷനുകൾക്കായി സർവേ നടത്തി സ്ഥലം അന്തിമമായി നിശ്ചയിക്കേണ്ടതുണ്ട്. ഭൂമിയേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.