...
Home News Kerala ‘ശബരിമല സ്വർണം’; എ പത്മകുമാർ റിമാൻഡിൽ

‘ശബരിമല സ്വർണം’; എ പത്മകുമാർ റിമാൻഡിൽ

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ആയിരുന്നു അറസ്റ്റ്

149

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്‌ച ഉച്ചയോടെ ആയിരുന്നു എ പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ആണ് റിമാന്‍ഡ് ചെയ്‌തത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്‌തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെയും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിൻ്റെ അറിവോടെ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. സ്പോണ്‍സര്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിൻ്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്.

ഉണ്ണികൃഷ്‌ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്‍. പത്മകുമാറിൻ്റെ വീട്ടില്‍ ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നും എസ്ഐടി നിഗമനം.

മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്, അന്നത്തെ പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നെന്നാണ് മുരാരി ബാബു മൊഴി നല്‍കിയിരുന്നു. താന്‍ ചെമ്പ് പാളികള്‍ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ല. ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയത്.

കാലപ്പഴക്കത്താല്‍ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. ആരെങ്കിലും തിരുത്തിയിരുന്നെങ്കില്‍ സ്വര്‍ണം പൂശിയ പാളികള്‍ എന്നെഴുതുമായിരുന്നു എന്നും മുരാരി ബാബു മൊഴി നല്‍കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.