...
Home News Kerala മമ്മൂട്ടിയോടുള്ള സംഘപരിവാർ വെറുപ്പ് പുതിയ കഥയൊന്നുമല്ല

മമ്മൂട്ടിയോടുള്ള സംഘപരിവാർ വെറുപ്പ് പുതിയ കഥയൊന്നുമല്ല

സുരേഷ് ഗോപിക്ക് ആയിരം നാവാണ് മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ. ആ സുരേഷ് ഗോപിയുടെ വോട്ടർമാരായ അണികളാണ് മലയാളത്തിലെ മഹാ നടനെ അയാളുടെ മതത്തിന്റെ പേരിൽ ഇങ്ങനെ അധിക്ഷേപിക്കുന്നത്.

383

| ശ്രീകാന്ത് പികെ

രണ്ട് രണ്ടര കൊല്ലം മുന്നേ ഷാരൂഖ് ഖാനെ ലക്ഷ്യമിട്ട് കൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകൾ വലിയ ക്യാമ്പയിനുകൾ നടത്തിയിരുന്നു. സത്യത്തിൽ മോദി ആദ്യ വട്ടം അധികാരത്തിൽ വന്നപ്പോൾ തന്നെ ബോളിവുഡിൽ മുസ്ലീങ്ങൾ അരങ്ങ് വാഴുന്ന ‘ഖാൻ’ കൾച്ചറിൽ നിന്ന് മോചിപ്പിക്കുമെന്ന് ഹിന്ദുത്വ ഫ്രിഞ്ച് ഗ്രൂപ്പുകൾ പറഞ്ഞ് തുടങ്ങിയിരുന്നു.
അതിൽ ഒരേ സമയം മുസ്ലീം വിരോധത്തോടൊപ്പം സാമ്പത്തിക താല്പര്യങ്ങൾ കൂടിയുണ്ട്.

ഷാരൂഖ് ഖാനെതിരെ പാകിസ്ഥാൻ ചാരൻ, ഹാവാല ഇടപാട് കാരൻ, ഹിന്ദു വിരോധി എന്നിങ്ങനെ പലപല ടാഗുകൾ നൽകിക്കൊണ്ട് നോർത്ത് ഇന്ത്യൻ സംഘികൾ ക്യാമ്പയിൻ നടത്തി. അദ്ദേഹത്തിന്റെ മകൻ അകപ്പെട്ട കേസിന്റെ സമയത്തൊക്കെ അത് ഉച്ചസ്ഥായിലെത്തി. സ്വാതന്ത്ര സമര സേനാനിയായിരുന്ന സ്വന്തം പിതാവിനെ ഓർമ്മിച്ചു കൊണ്ട് ഷാരൂഖിന് പോലും പരസ്യമായ പ്രതികരണങ്ങൾ നടത്തേണ്ടി വന്നു.

എല്ലാ നിലയിലും അങ്ങേയറ്റം സെക്കുലറായ ജീവിതം നയിക്കുന്ന ഷാരൂഖ് ഖാന് നേരെയാണ് ആ ആക്രമണമെന്നോർക്കണം. ഹിന്ദു മത വിശ്വാസിയായ ഭാര്യ മാത്രമല്ല, മക്കൾ അവർക്ക് ഇഷ്ടമുള്ള മത വിശ്വാസം പിന്തുരട്ടെ എന്ന് തീരുമാനിച്ച വിശ്വാസിയായ ലിബറൽ സെക്കുലറിസ്റ്റ്. ഷാരൂഖാന്റെ മത ചിന്തയും വിശ്വാസ സാംസ്‌കാരിക ജീവിതവുമൊക്കെ പൊതുമധ്യത്തിൽ അദ്ദേഹത്തോട് തന്നേ ചോദ്യങ്ങളായി വന്നിട്ടുണ്ട്. ‘നിങ്ങൾ ഒരു നല്ല മുസ്ലിം ആണ്, ഒരുപക്ഷെ ഷാരൂഖ് ഖാൻ, നിങ്ങളുടെ പേര് ശേഖർ കൃഷ്ണ എന്നായിരുന്നെങ്കിൽ..’ എന്ന ചോദ്യം ചോദിച്ചു തുടങ്ങിയ ആളോട് ‘ശേഖർ രാധാ കൃഷ്ണ, SRK’ എന്ന് തിരുത്തി താൻ ഹിന്ദുവായി ജനിച്ചിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു എന്ന് പറയുന്ന ഒരു വൈറൽ വീഡിയോ ഓർമ്മയുണ്ടാകും.

ലോകത്ത് ഏറ്റവും അധികം പ്രശസ്തിയുള്ള ഇന്ത്യക്കാരനായാണ് ഷാരൂഖ് ഖാൻ കണക്കാക്കപ്പെടുന്നത്. ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തുള്ളവർക്കും ഇന്ത്യൻ, ഇന്ത്യൻ സിനിമ എന്ന് കേൾക്കുമ്പോൾ മറ്റൊന്നും അറിയില്ലെങ്കിലും ഷാരൂഖ് ഖാൻ എന്ന പേര് അറിയാം. ആ ഷാരൂഖ് ഖാനെയാണ് അയാളുടെ മതത്തിന്റെ
പേരിൽ അങ്ങ് തീർത്ത് കളയാം എന്ന് സംഘികൾ സ്വപ്നം കണ്ടത്.

ഷാരൂഖ് ഖാൻ ഇന്ത്യൻ സിനിമക്ക് എങ്ങനെയാണോ, അങ്ങനെയോ അതിനേക്കാൾ മുകളിലോ ആണ് കേരളത്തിൽ മമ്മൂട്ടിയും മോഹൻ ലാലും. ഇരുവരുടെയും സാമൂഹിക രാഷ്ട്രീയ നിലപാടുകൾ സാന്ദർഭോചിതമായി പലപ്പോഴും വിമർശ്ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഫാൻ ഫൈറ്റ് ഗ്രൂപ്പുകളിൽ വെകിളികൾ അല്ലാതെ സാമാന്യ ബോധമുള്ള മനുഷ്യർ ആരും ഇവരുടെ സോഷ്യൽ പൊസിഷനെ ചോദ്യം ചെയ്ത് കൊണ്ട് പരസ്യമായി വരില്ല. എല്ലാം കൊണ്ടും കേരളത്തിലെ ഏറ്റവും പ്രിവിലേജ്ഡ് മനുഷ്യന്മാരിൽ രണ്ട് പേർ.

അങ്ങനെ ഉള്ള രണ്ട് പേരിൽ ഒരാളാണ് ഇപ്പോൾ അയാളുടെ മതത്തിന്റെ പേരിൽ ഇസ്‌ലാമിസ്റ്റ്, തീവ്രവാദ ചാപ്പകളുടെ ക്യാംബയിനുകൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്. അതും അദ്ദേഹം ചെയ്ത ഒരു സിനിമയുടെ പേരിൽ. മലയാള സിനിമയുടെ ഇരുപത് വർഷത്തെ കണക്കെടുത്താൽ തന്നെ വില്ലന്മാരായ, കള്ളനും, കൊലപാതകിയും, പീഡകനും, അഴിമതിക്കാരനും, തീവ്രവാദിയുമായ അനേകം മുസ്ലീം കഥാപാത്രങ്ങളുണ്ട്. അതൊക്കെ വളരെ സ്വഭാവികമായി കടന്ന് പോയി. പക്ഷെ ജാതി ബ്രാഹ്മണനായ ഒരു കഥാപാത്രത്തെ വില്ലനായി അഭിനയിച്ചതിന്റെ പേരിൽ മമ്മൂട്ടി സംഘപരിവാറുകാരുടെ വെറുപ്പിനും വിഷ പ്രചാരണങ്ങൾക്കും വിധേയമാകുകയാണ്.

മമ്മൂട്ടിയോട് ആ പക്ഷത്തിന്റെ വെറുപ്പ് പുതിയ കഥയൊന്നുമല്ല, മമ്മൂട്ടിയോട് മാത്രമല്ല, മലയാള സിനിമയെ ക്ഷയിച്ച തറവാടിന്റെ മുറ്റത്ത് നിന്ന് അന്യവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കഥാ പരിസരങ്ങളിലേക്ക് പറിച്ചു നട്ട പുതുതലമുറ സിനിമാക്കാരെ ‘മട്ടാഞ്ചേരി മാഫിയ , മദ്രസ ടാക്കീസ്’ എന്നുമൊക്കെ അധിക്ഷേപികുന്നത് നോർത്തിന്ത്യൻ സംഘികളുടെ കേരള വേർഷനാണ്. പക്ഷേ മമ്മൂട്ടിക്കൊക്കെ നേരെ ഇത്രയും പരസ്യമായി ക്യാമ്പയിനൊക്കെ ഇതാദ്യമായാകും.

കെ.സുരേന്ദ്രൻ മുതൽ താഴോട്ടും മേലോട്ടുമുള്ള ജി നേതാക്കളുടെ കുടുംബത്തിലെ നൂല് കെട്ടിന് മുതൽ അടിയന്തിരത്തിന് വരെ അടുക്കള വരെ കേറി ക്ഷണിക്കപ്പെടുന്ന മമ്മൂട്ടിക്ക് നേരെയാണ് അണികളുടെ ഈ ട്രീറ്റ്മെന്റ്. സുരേഷ് ഗോപിക്ക് ആയിരം നാവാണ് മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ. ആ സുരേഷ് ഗോപിയുടെ വോട്ടർമാരായ അണികളാണ് മലയാളത്തിലെ മഹാ നടനെ അയാളുടെ മതത്തിന്റെ പേരിൽ ഇങ്ങനെ അധിക്ഷേപിക്കുന്നത്. ക്യാമറക്ക് മുന്നിൽ കഥകളി കളിക്കുന്ന സുരേഷ് ഗോപിയോട് ആരേലും മൈക്കും നീട്ടി ഇതിന്റെ പ്രതികരണം ചോദിക്കുമോ?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.