കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ പഠന ബോർഡുകളുടെ പുനഃസംഘടനയെച്ചൊല്ലി വിവാദം. കോൺഗ്രസിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് അധികാരത്തിലിരിക്കെ, സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിലെ 32 അധ്യാപകർ വിവിധ പഠന ബോർഡുകളിൽ ഇടംപിടിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ഇവരിൽ രണ്ടുപേർ വിവിധ ബോർഡുകളുടെ ചെയർമാൻമാരായും നിയമിക്കപ്പെട്ടിട്ടുണ്ട്.
പഠന ബോർഡുകളിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സംഘടന പോസ്റ്റർ പുറത്തിറക്കിയതോടെയാണ് നിയമനങ്ങൾ കൂടുതൽ ചർച്ചയായത്. സർവകലാശാലയിലെ വിവിധ കോഴ്സുകളുടെ സിലബസ് തയ്യാറാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പഠന ബോർഡുകളിലെ നിയമനങ്ങൾ അക്കാദമിക രംഗത്തും രാഷ്ട്രീയ തലത്തിലും ചർച്ചയായിരിക്കുകയാണ്.
സിലബസ് രൂപീകരണത്തിൽ ആശങ്കയെന്ന് ഇടത് സംഘടനകൾ
വിഷയങ്ങളിൽ ആഴത്തിലുള്ള പരിജ്ഞാനവും അധ്യാപനപരിചയവുമുള്ള മുതിർന്ന അധ്യാപകരെയാണ് സാധാരണയായി പഠന ബോർഡുകളിൽ ഉൾപ്പെടുത്താറുള്ളതെന്ന് എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണ യുഡിഎഫ് സിൻഡിക്കേറ്റ് സ്വീകരിച്ച നിലപാട് ഈ പതിവിൽനിന്ന് വ്യത്യസ്തമാണെന്നാണ് ഇവരുടെ വിമർശനം.
അഫിലിയേറ്റഡ് കോളേജുകളിൽ ഉൾപ്പെടെ പരിചയസമ്പന്നരായ നിരവധി അധ്യാപകർ ഉണ്ടായിരിക്കെ, സംഘപരിവാർ അനുകൂല സംഘടനയിലെ അധ്യാപകർക്ക് വ്യാപകമായി പ്രാതിനിധ്യം നൽകിയതിനെതിരെയാണ് പ്രതിഷേധം. സ്വാശ്രയ കോളേജുകളിൽ നിന്നുള്ള ഗസ്റ്റ് അധ്യാപകരെയും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.
പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള അധ്യാപകരെ വേണ്ടത്ര പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിയമനങ്ങളിൽ അക്കാദമിക യോഗ്യതയ്ക്കും പരിചയസമ്പത്തിനും പകരം മറ്റ് പരിഗണനകൾക്ക് പ്രാധാന്യം നൽകിയോ എന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നു.
കാവി വൽക്കരിക്കാനുള്ള നീക്കമെന്ന് എസ്എഫ്ഐ
സർവകലാശാലകളിൽ കരിക്കുലം പരിഷ്കരണം നടക്കാനിരിക്കെ പഠന ബോർഡുകളിലെ പുനഃസംഘടനയെ ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്. യുഡിഎഫ് സിൻഡിക്കേറ്റിന്റെ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്ക് അവസരമൊരുക്കുന്നതാണെന്നാണ് സംഘടനയുടെ വിമർശനം.
പഠന ബോർഡുകളിലെ അംഗങ്ങൾക്കാണ് വിവിധ വിഷയങ്ങളുടെ സിലബസ് രൂപീകരണത്തിൽ പ്രധാന ഉത്തരവാദിത്തമുള്ളത്. അതിനാൽ അംഗങ്ങളുടെ നിയമനം അക്കാദമിക ഉള്ളടക്കത്തെയും പാഠ്യപദ്ധതിയുടെ ദിശയെയും സ്വാധീനിക്കുമെന്നതാണ് വിമർശകർ ഉയർത്തുന്ന പ്രധാന ആശങ്ക.
നിയമന ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇനി മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പുനഃസംഘടനയെച്ചൊല്ലിയുള്ള രാഷ്ട്രീയ- അക്കാദമിക തർക്കം സർവകലാശാലയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുകയാണ്.


