...
Home News Kerala ‘ആഗോള അയ്യപ്പ സംഗമ’ത്തിന് ബദലുമായി, പന്തളത്ത് സംഘപരിവാര്‍ അയ്യപ്പ സംഗമം

‘ആഗോള അയ്യപ്പ സംഗമ’ത്തിന് ബദലുമായി, പന്തളത്ത് സംഘപരിവാര്‍ അയ്യപ്പ സംഗമം

ആത്മാർത്ഥത ഉണ്ടെങ്കിൽ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്‌തവർക്കെതിരായ കേസ് സർക്കാർ പിൻവലിക്കട്ടെ എന്നും ആർവി ബാബു

157

ശബരിമലയിലെ പന്തളത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദൽ സംഗമവുമായി സംഘപരിവാർ. ഹിന്ദു ഐക്യവേദി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കും. സർക്കാരിൻ്റെ അയ്യപ്പ സംഗമത്തിന് എതിരെ ബിജെപി രാഷ്ട്രീയ പ്രചാരണവും നടത്തും. ബദൽ സംഗമത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിൽ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൻ്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷൻ ആർവി ബാബു മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികൾക്ക് ഒപ്പമാണ് എന്നുള്ളത് സിപിഐഎമ്മിൻ്റെ അവസരവാദ നിലപാടാണെന്നും ആർവി ബാബു പറഞ്ഞു.

സിപിഐഎമ്മിന് ഒരുകാലത്തും ഹൈന്ദവ വിശ്വാസങ്ങളെ മാനിക്കാനാവില്ല. ഹിന്ദുവിരുദ്ധതയിൽ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നിൽക്കാനാവില്ല. ഇതെല്ലാം പാർട്ടിയുടെ അടവ് നയവും അവസരവാദവുമാണ്. വിശ്വാസികളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്‌തവർക്കെതിരായ കേസ് സർക്കാർ പിൻവലിക്കട്ടെ എന്നും ആർവി ബാബു പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തോട് വിരോധമില്ലെന്നും എന്നാൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ബിജെപി നേതാവ് പികെ കൃഷ്‌ണദാസ് പറഞ്ഞു. ഹിന്ദു സംഘടനകളടക്കം ഉന്നയിച്ച ആശങ്കകളിൽ സർക്കാരും ദേവസ്വം ബോർഡും വ്യക്തത വരുത്തേണ്ടതുണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് വ്യക്തി താൽപര്യം ആണെന്നും പികെ കൃഷ്‌ണദാസ് പറഞ്ഞു.

സെപ്റ്റംബർ 20-നാണ് ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

പരിപാടിയിലേക്ക് വ്യവസ്ഥകളോടെ ആണ് പ്രവേശനം. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തവരെ മാത്രമേ പരിഗണിക്കൂവെന്നും നിർദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ട്. തെരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളത് ആണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകം ആണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

എൻഎസ്എസും എസ്എൻഡിപിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അതിനാല്‍ തന്നെ പ്രതിപക്ഷം സംഗമവുമായി സഹകരിച്ചേക്കില്ല എന്നാണ് സൂചന. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തെ മുസ്‌ലിം ലീഗ് പിന്തുണച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.