പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികളെയും ഡിടിസി ബസ് ഡ്രൈവർമാരെയും വിളിച്ചതായി ആം ആദ്‌മി പാർട്ടി (എഎപി) ഡൽഹി മേധാവി സൗരഭ് ഭരദ്വാജ് ബുധനാഴ്‌ച ആരോപിച്ചു.
ഒരു എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട്, ഓരോ ക്ലീനിംഗ് ബീറ്റിലെയും ബസ് ഡ്രൈവർമാരോടും ത്യാഗരാജ് സ്റ്റേഡിയത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും ഭരദ്വാജ് അവകാശപ്പെട്ടു. “മോദി ജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ത്യാഗരാജ് സ്റ്റേഡിയത്തിൽ ഒരു വലിയ പരിപാടിയുണ്ട്. ഓരോ ക്ലീനിംഗ് ബീറ്റിലെയും നാല് ശുചീകരണ തൊഴിലാളികളെ രാവിലെ ത്യാഗരാജ് സ്റ്റേഡിയത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്” -എന്ന് അദ്ദേഹം എഴുതി.
“കഴിഞ്ഞ തവണ അവരെ തുറന്നു കാട്ടിയതാണ്, അതിനാൽ ഞങ്ങൾ സ്വകാര്യ ബസുകൾ ക്രമീകരിക്കില്ലെന്ന് അവർ പറഞ്ഞു; നിങ്ങൾ സ്വന്തം വഴിയിലൂടെ വരണം. വന്നില്ലെങ്കിൽ നിങ്ങൾ കുഴപ്പത്തിലാകും. ഡിടിസി ബസുകളിൽ ഡിടിസിയിൽ നിന്നുള്ള സ്ഥിരം ഡ്രൈവർ ജീവനക്കാരെ വൻതോതിൽ വിളിച്ചിട്ടുണ്ട്,” -പോസ്റ്റിൽ പറയുന്നു.
ബിജെപിക്കെതിരെ പരിഹാസവുമായി ആം ആദ്‌മി നേതാവ് രംഗത്തെത്തി. ജനങ്ങൾ ബിജെപിയോട് ദേഷ്യത്തിൽ ആണെന്നും പ്രധാനമന്ത്രി മോദിയുടെ ജന്മദിന ആഘോഷങ്ങളിൽ സ്വമേധയാ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഒന്ന് ചിന്തിച്ചുനോക്കൂ, അവരുടെ ഏറ്റവും വലിയ നേതാവിൻ്റെ ജന്മദിനത്തിൽ പോലും ആളുകൾ സ്റ്റേഡിയം നിറക്കാൻ സ്വയം വരുന്നില്ല. ഡൽഹിയിലെ ജനങ്ങൾ ബിജെപിയോട് ദേഷ്യത്തിലാണ്,” -അദ്ദേഹം എഴുതി. -ANI



