ലോകത്തിലെ ഏറ്റവും ദുരൂഹമായ ഭൂവിഭാഗങ്ങളിലൊന്നായ അന്റാർട്ടിക്കയിൽ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ. നൂറുകണക്കിന് മീറ്റർ കട്ടിയുള്ള മഞ്ഞുപാളിക്ക് അടിയിൽ ലക്ഷക്കണക്കിന് മത്സ്യങ്ങൾ പ്രജനനം നടത്തുന്ന ഭീമൻ ‘മത്സ്യ നഗരം’ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
അന്റാർട്ടിക്കയിലെ ഫിൽച്ച്നർ ഐസ് ഷെൽഫിന് (Filchner Ice Shelf) അടിയിലെ വെഡൽ കടലിൻ്റെ അടിത്തട്ടിലാണ് ഈ അപൂർവ പ്രജനന കേന്ദ്രം കണ്ടെത്തിയത്. ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ മേഖലയിൽ ആറ് കോടിയിലധികം മത്സ്യക്കൂടുകൾ ഉണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കടലിനടിയിലെ ഒരു വലിയ നഗരത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കൂടുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും അവർ പറയുന്നു.
ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത് ആൽഫ്രഡ് വെഗനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഔട്ടൻ പേഴ്‌സറുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ്. പ്രത്യേക അണ്ടർവാട്ടർ റോബോട്ടിൻ്റെ സഹായത്തോടെയാണ് മഞ്ഞുപാളിക്ക് അടിയിലെ ഈ മേഖല പഠന വിധേയമാക്കിയത്.
ഗവേഷണത്തിൽ കണ്ടെത്തിയ മത്സ്യങ്ങൾ ബ്ലാക്ക്ഫിൻ ഐസ്ഫിഷ് (Neopagetopsis ionah) വിഭാഗത്തിൽ പെടുന്നവയാണ്. ഈ മത്സ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, രക്തത്തിൽ ഹീമോഗ്ലോബിൻ ഇല്ലാത്തതിനാൽ അവയുടെ രക്തം സുതാര്യമായി കാണപ്പെടുന്നതാണ്. അതിശൈത്യത്തിൽ ജീവൻ നിലനിർത്താൻ സഹായിക്കുന്ന പ്രത്യേക ‘ആന്റിഫ്രീസ്’ പ്രോട്ടീനുകളും ഇവയുടെ ശരീരത്തിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഓരോ മത്സ്യക്കൂടിനും ഏകദേശം 75 സെന്റിമീറ്റർ വ്യാസമുണ്ട്. ഒരു കൂടിൽ ശരാശരി 1,700 മുട്ടകൾ വരെ കാണപ്പെടുന്നുവെന്നും, അവയ്ക്ക് സാധാരണയായി ആൺ മത്സ്യങ്ങളാണ് കാവൽ നിൽക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
ഈ പ്രദേശത്തുകൂടി താരതമ്യേന ചൂടുള്ള സമുദ്രജല പ്രവാഹം കടന്നു പോകുന്നതാണ് ഇത്രയും വലിയ പ്രജനന കേന്ദ്രം രൂപപ്പെടാൻ പ്രധാന കാരണമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ചുറ്റുമുള്ള കടൽജലത്തേക്കാൾ ഇവിടെ ഏകദേശം 2 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുതലാണ്.
അതേസമയം, ഈ മത്സ്യക്കൂടുകൾ അന്റാർട്ടിക്കയിൽ ജീവിക്കുന്ന വെഡൽ സീലുകളുടെ പ്രധാന ഭക്ഷണ സ്രോതസുമാണ്. അതിനാൽ ഈ മേഖലയുടെ സംരക്ഷണം സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥക്ക് നിർണായകമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
അന്റാർട്ടിക്കയിലെ സമുദ്ര ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥയെയും കുറിച്ചുള്ള നിലവിലെ ധാരണകൾക്ക് പുതിയ വെളിച്ചം നൽകുന്ന കണ്ടെത്തലാണിതെന്നും, ഈ അപൂർവ പ്രജനന മേഖലക്ക് പ്രത്യേക പരിസ്ഥിതി സംരക്ഷണം നൽകേണ്ടതുണ്ടെന്നും ഗവേഷക സംഘം ആവശ്യപ്പെട്ടു.


