ഓറിഗോൺ തീരത്ത് വെള്ളത്തിനടിയിലുള്ള ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ ഒരുങ്ങുകയാണെന്ന് പ്രവർത്തനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അഗ്നിപർവ്വത ശാസ്ത്രജ്ഞർ പറയുന്നു. ഒറിഗോൺ തീരത്ത് നിന്ന് ഏകദേശം 300 മൈൽ അകലെയും ഉപരിതലത്തിൽ നിന്ന് 4,900 അടി താഴെയുമായി സ്ഥിതി ചെയ്യുന്ന ഒരു അണ്ടർവാട്ടർ അഗ്നിപർവ്വതമായ ആക്‌സിയൽ സീമൗണ്ട്- ഒരു പൊട്ടിത്തെറി ആസന്നമാണെന്ന് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു.
വർഷാരംഭം മുതൽ അഗ്നിപർവ്വതം “ഒരു ബലൂൺ പോലെ” വീർക്കുന്നുണ്ടെന്നും ഉരുകിയ പാറ അതിനുള്ളിൽ അടിഞ്ഞു കൂടുന്നുണ്ടെന്നും ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സഹകാരിയായ വില്യം ചാഡ്വിക്ക് ജനുവരിയിൽ എബിസി ന്യൂസിനോട് പറഞ്ഞു.
അഗ്നിപർവ്വതത്തിന് സമീപമുള്ള ഭൂകമ്പ പ്രവർത്തനങ്ങളും ഇപ്പോൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജൂണിൽ ഒറ്റ ദിവസം 2,000-ത്തിലധികം ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായി ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പ പ്രവർത്തനത്തിൻ്റെ നിരക്ക് “കൂടുതലും താഴുമായി ചാഞ്ചാടി കൊണ്ടിരിക്കുന്നു” -എന്ന് ഗവേഷകർ പറഞ്ഞു. വർഷാവസാനത്തിന് മുമ്പ് അഗ്നിപർവ്വതം ഇപ്പോഴും പൊട്ടിത്തെറിക്കുമെന്ന് ഉറപ്പാണ്.
ജുവാൻ ഡി ഫ്യൂക്ക റിഡ്‌ജിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആക്‌സിയൽ സീമൗണ്ട്, വടക്കുകിഴക്കൻ പസഫിക്കിലെ ഏറ്റവും സജീവമായ അന്തർവാഹിനി അഗ്നിപർവ്വതമാണ്. നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള കഴിഞ്ഞ 30 വർഷത്തിനിടെ 1998, 2011, 2015 വർഷങ്ങളിൽ ഇത് മൂന്ന് തവണ പൊട്ടിത്തെറിച്ചു. കൂടാതെ “ആവർത്തിക്കാവുന്ന ഒരു പാറ്റേൺ” പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ചാഡ്വിക്ക് പറഞ്ഞു.
തീരത്ത് നിന്ന് നീണ്ടുനിൽക്കുന്ന ഉപകരണങ്ങളിലൂടെയും കേബിളുകളിലൂടെയും ഗവേഷകർ അഗ്നിപർവ്വതത്തെ നിരീക്ഷിക്കുന്നു. അഗ്നിപർവ്വതത്തിന് സമീപം സംഭവിക്കുന്ന ഭൂകമ്പങ്ങളെ കുറിച്ചുള്ള തത്സമയ ഡാറ്റ നൽകുന്ന സീസ്മോ മീറ്ററുകളും അവയിൽ ഉൾപ്പെടുന്നുവെന്ന് ചാഡ്വിക്ക് പറഞ്ഞു.
“ആക്‌സിയൽ സീമൗണ്ടിലെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മാത്രമല്ല. ആഴക്കടൽ അഗ്നിപർവ്വതങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നന്നായി മനസിലാക്കാനും പ്രവചിക്കാനും സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ആക്‌സിയൽ സീമൗണ്ടിലെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കടലിൻ്റെ അടിത്തട്ടിലെ ജീവൻ പൊതുവെ സ്ഫോടനങ്ങളോടും പ്രക്ഷുബ്ധതകളോടും എങ്ങനെ പ്രതികരിക്കുന്നു എന്നതും നിരീക്ഷിന്നു. ഇതിനായി മൈൽ കണക്കിന് ഫൈബർ ഒപ്റ്റിക് കേബിളുകൾ കടൽത്തീരത്തുള്ള ഉപകരണങ്ങൾക്ക് വൈദ്യുതിയും ഇൻ്റെർനെറ്റും നൽകുന്നു,” -മിനസോട്ടയിലെ കാൾട്ടൺ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും ബയോളജി വിഭാഗം ചെയർമാനുമായ റിക്ക ആൻഡേഴ്സൺ എബിസി ന്യൂസിനോട് പറഞ്ഞു.
മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയാകാത്ത വിധം ആഴത്തിലുള്ളതും തീരത്ത് നിന്ന് വളരെ അകലെയുള്ളതുമായ നിയന്ത്രിത സ്ഫോടനങ്ങളാണ് അഗ്നിപർവ്വതം സാധാരണയായി പുറത്തു വിടുന്നതെന്ന് ഗവേഷകർ പറഞ്ഞു.
സ്‌മിത് സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ്റെ ഗ്ലോബൽ വോൾക്കനിസം പ്രോഗ്രാം അനുസരിച്ച് നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങളിലെ കൃത്യമായ സ്ഫോടന ചരിത്രം നൽകാൻ തക്കവിധം നന്നായി പഠിച്ചിട്ടുള്ള അഗ്നിപർവ്വത സ്ഫോടനങ്ങൾ വളരെ കുറവായതിനാൽ അഗ്നിപർവ്വത സ്ഫോടനങ്ങൾ പ്രവചിക്കാൻ പ്രയാസമാണ്.
കടലിൻ്റെ അടിത്തട്ടിൽ ആഴത്തിൽ വസിക്കുന്ന സൂക്ഷ്‌മാണുക്കളെ, അഗ്നിപർവ്വതത്തിൻ്റെ കാൽഡെറയിലെ ഹൈഡ്രോതെർമൽ വെന്റുകളിലെ ഉപരിതലത്തിൽ, മാറ്റങ്ങളോട് അവ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാൻ ഗവേഷകർ നിരീക്ഷിച്ചു കൊണ്ടിരിക്കുക ആണെന്ന് ആൻഡേഴ്‌സൺ പറഞ്ഞു.
“ചില സൂക്ഷ്‌മാണുക്കൾ തിളച്ച ചൂടുവെള്ളത്തിലാണ് ജീവിക്കുന്നത്. ചിലത് ഇരുമ്പോ സൾഫറോ ശ്വസിക്കുന്നു. നമ്മളെപ്പോലെ തന്നെ അവയും വൈറൽ അണുബാധയെ ചെറുക്കുന്നു. ഭൂമിയിലെ ജീവൻ്റെ പരിണാമത്തിലെ ആദ്യകാല ഘട്ടങ്ങളെ കുറിച്ചുള്ള സൂചനകൾ അവയിൽ അടങ്ങിയിരിക്കാം. ആഗോള ജൈവ- ഭൗമരാസ ചക്രങ്ങളെ നയിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു,” -ആൻഡേഴ്‌സൺ പറഞ്ഞു.




