...
Home News Kerala ഇരകളോടുള്ള സീസണൽ സഹതാപം നല്ലതല്ല; ഉണ്ടാകേണ്ടത് ഉറച്ച തീരുമാനം

ഇരകളോടുള്ള സീസണൽ സഹതാപം നല്ലതല്ല; ഉണ്ടാകേണ്ടത് ഉറച്ച തീരുമാനം

ഓരോ തവണ ഇത്തരം സ്ത്രീധന മരണങ്ങൾ നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പോരാട്ടം നടത്തുന്നവർ തന്നെയാണ് പിന്നീട് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതും വേട്ടക്കാരാകുന്നതും.

276

സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ വീണ്ടും ഒരു പെൺകുട്ടി കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. ഡോക്ടറായ പെൺകുട്ടി ഒ.പി. ടിക്കറ്റിൽ ആത്മഹത്യ കുറുപ്പ് എഴുതിവെച്ചതിന് ശേഷമാണ് ആത്മഹത്യാ ചെയ്തത്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇടക്കയ്ക്കിടെ ഉണ്ടായിട്ടും ആരും അതിനെപ്പറ്റി ചിന്തിക്കുകയോ ബോധവാന്മാർ ആകുകയോ ചെയ്യുന്നില്ല.

ഓരോ തവണ ഇത്തരം സ്ത്രീധന മരണങ്ങൾ നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പോരാട്ടം നടത്തുന്നവർ തന്നെയാണ് പിന്നീട് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതും വേട്ടക്കാരാകുന്നതും. ഓരോ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ഇനി ഒരാൾക്കും ഉണ്ടാകരുത് എന്ന് വലിയ കമന്റും പോസ്റ്റും ഇടുന്നവർ പിന്നീട് സൗകര്യപൂർവ്വം സ്വന്തം കാര്യം വരുമ്പോൾ ഇത് മറക്കുകയും പിന്നെ അടുത്ത കാര്യം ഉണ്ടാകുമ്പോൾ ഉണരുകയും ചെയ്യും.

സ്ത്രീധനം ചോദിക്കുന്നവരോട് ‘പോടോ’ എന്ന് പറയണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരമാകില്ല. നമ്മൾ സ്വയം തീരുമാനം എടുക്കുന്നത് പോലെ നമ്മുടെ മാതാപിതാക്കളെയും ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കണം. അത് ആൺകുട്ടികളുടെ വീട്ടുകാർ മാത്രമല്ല ചിന്തിക്കേണ്ടത്. പെൺകുട്ടികളുടെ വീട്ടുകാരും ആലോചിക്കണം.

സ്ത്രീധനം വാങ്ങാതെ പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞു വരുന്ന ആണിന് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്ന് ചിന്തിക്കുന്ന കുടുംബങ്ങളാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. അപ്പോൾ പിന്നെ ആൺകുട്ടികളുടെ വീട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മറ്റൊരു കാര്യം, മറ്റുള്ളവരുടെ മുന്നിൽ വില പോകാതിരിക്കാൻ വേണ്ടി നടത്തുന്ന പ്രഹസനമാണ്. അതിന് നഷ്ടപ്പെടുന്നത് സ്വന്തം മക്കളുടെ ജീവിതവും.

പഴയകാലത്തെ പോലെ സ്ത്രീധനം ചോദിച്ച് വാങ്ങുന്ന ഏർപ്പാട് ഇന്ന് വളരെ കുറവാണെങ്കിലും അത് തുടരുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ പെൺകുട്ടിയുടെ ആത്മഹത്യ. കല്യാണം കഴിക്കുന്നവർ പരസ്പരം മനസിലാക്കി ജീവിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ ധനം എന്ന് മാതാപിതാക്കൾ മനസിലാക്കണം. പണം വാങ്ങി അറവ് മാടിനെ പോലെ കൊണ്ടുവരുന്ന സ്നേഹം നിലനിൽക്കില്ല എന്ന് ഈ സമ്പ്രദായത്തിന് കൂട്ടുനിൽക്കുന്ന ചിലരും മനസിലാക്കണം. ‘നിങ്ങളുടെ കുട്ടിക്ക് നിങ്ങൾ എന്ത് കൊടുക്കും’ എന്നാണ് ചോദ്യം. അവർ അവരുടെ കുട്ടിക്ക് എന്തെങ്കിലും കൊടുക്കട്ടെ കൊടുത്താലും കൊടുത്തില്ലെങ്കിലും അതിൽ നമുക്കെന്ത് കാര്യം. അതും നോക്കി ഇരുന്നാൽ വളർത്തി വലുതാക്കിയ ആൺമക്കളുടെ ജീവിതവും പോകും പെൺകുട്ടികളുടെ ജീവനും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.