...
Home News National രാജ്യദ്രോഹ കുറ്റം ചുമത്തി മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനും എതിരെ വീണ്ടും കേസ്

രാജ്യദ്രോഹ കുറ്റം ചുമത്തി മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനും എതിരെ വീണ്ടും കേസ്

ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്

235

പ്രശസ്ത മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപറിനും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് വീണ്ടും കേസെടുത്ത് അസം പൊലീസ്. മാധ്യമ റിപ്പോർട്ടുകൾ രാജ്യത്തിൻ്റെ അഖണ്ഡതക്ക്‌ എതിരല്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്‌ത കേസിലെ തുടർനടപടികൾ തടഞ്ഞ കോടതി നിർദേശത്തിന് പിന്നാലെയാണ് ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗുവാഹത്തി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്.

ഓഗസ്റ്റ് 22ന് ഗുവാഹത്തി പോലീസിൻ്റെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിനായിരുന്നു ഇരുവർക്കും എതിരെയുള്ള ആദ്യകേസിൽ സുപ്രീം കോടതിയുടെ നിർണായക നിർദേശം. ഓപ്പറേഷൻ സിന്ദൂറിലെ പിഴവുകളെ കുറിച്ച് ‘ദി വയറിൽ’ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പേരിലായിരുന്നു ആദ്യത്തെ കേസ്. എന്നാൽ പുതിയ കേസിൻ്റെ വിശദാംശങ്ങൾ നൽകാൻ അസം പൊലീസ് തയ്യാറായിട്ടില്ല.

ഇവർക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആർ എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നോ ആരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നും അവ്യക്തമാണ്. ഇക്കാര്യങ്ങൾ സംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണവും അസം പൊലീസിൻ്റെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രാജ്യദ്രോഹം അടക്കമുള്ള ആറ് വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.