യുകെയിൽ സ്ഥിരതാമസാനുമതി (Indefinite Leave to Remain – ILR) നേടാൻ ഇനി രാജ്യത്ത് എത്ര വർഷം താമസിച്ചു എന്നത് മാത്രം മതിയാകില്ല. വരുമാനം, തൊഴിൽ, വിസയുടെ സ്വഭാവം, ക്രിമിനൽ പശ്ചാത്തലം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചായിരിക്കും പുതിയ ചട്ടക്കൂടിൽ അപേക്ഷകരുടെ യോഗ്യത നിർണയിക്കുക. ചിലർക്ക് മൂന്ന് വർഷത്തിനുള്ളിൽ സ്ഥിരതാമസം നേടാൻ കഴിയുമ്പോൾ മറ്റുചിലർക്ക് 30 വർഷം വരെ കാത്തിരിക്കേണ്ടിവരുന്ന തരത്തിലാണ് നിർദേശങ്ങൾ. യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് പുതിയ ചട്ടക്കൂട് പാർലമെന്റിൽ അവതരിപ്പിച്ചതോടെയാണ് വിദേശികൾക്കിടയിൽ ചർച്ചകൾ ശക്തമായത്.
നിലവിൽ പൊതുവെ അഞ്ച് വർഷത്തെ താമസത്തിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് നിലനിൽക്കുന്നത്. പുതിയ നിർദേശപ്രകാരം സാധാരണ യോഗ്യതാ കാലയളവ് 10 വർഷമായി ഉയർത്തും. എന്നാൽ വരുമാനം, തൊഴിൽ മേഖല, രാജ്യത്തിന് നൽകുന്ന സംഭാവന, കുടിയേറ്റ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് ഈ കാലയളവിൽ മാറ്റമുണ്ടാകും.
സ്ഥിരതാമസത്തിന് പുതിയ നിബന്ധനകൾ
പുതിയ ചട്ടക്കൂടിൽ ക്രിമിനൽ പശ്ചാത്തലത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കോടതി പിഴകളും മുന്നറിയിപ്പുകളും ഉൾപ്പെടെയുള്ള ചെറിയ കുറ്റകൃത്യങ്ങളുടെ രേഖകളുള്ള മുതിർന്നവർക്കും സ്ഥിരതാമസാനുമതി നിഷേധിക്കാമെന്നാണ് നിർദേശം. നികുതി, മെഡിക്കൽ, നിയമപരമായ മറ്റ് കടങ്ങൾ എന്നിവ തീർപ്പാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഇംഗ്ലീഷ് ഭാഷയിൽ ബി2 നിലവാരത്തിലുള്ള പ്രാവീണ്യം തെളിയിക്കേണ്ടതും നിർബന്ധമാക്കും. 65 വയസ്സിന് മുകളിലുള്ളവർക്കും കുട്ടികൾക്കും ഇതിൽ ഇളവുണ്ടാകും. കൂടാതെ ‘ലൈഫ് ഇൻ ദി യുകെ’ പരീക്ഷ വിജയിക്കണം. ബ്രിട്ടീഷ് സമൂഹത്തിന് നൽകിയ സംഭാവനയും അപേക്ഷകർ തെളിയിക്കേണ്ടിവരും.
വരുമാനത്തിനനുസരിച്ച് കാത്തിരിപ്പ് കാലം
വരുമാനവും തൊഴിൽമേഖലയും അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികളാണ് നിർദേശിച്ചിരിക്കുന്നത്.
മൂന്ന് വർഷം: പ്രതിവർഷം ഏകദേശം 1.3 കോടി രൂപയോ അതിലധികമോ വരുമാനമുള്ളവർക്ക് മൂന്ന് വർഷത്തിനുള്ളിൽ സ്ഥിരതാമസാനുമതി ലഭിക്കാനുള്ള വഴിയൊരുങ്ങും.
അഞ്ച് വർഷം: പ്രതിവർഷം ഏകദേശം 53 ലക്ഷം രൂപ വരുമാനമുള്ളവർക്കും അഞ്ച് വർഷത്തെ പൊതുമേഖലാ സേവനം പൂർത്തിയാക്കിയവർക്കും ഈ കാലയളവിൽ അപേക്ഷിക്കാം.
പത്ത് വർഷം: കുടിയേറ്റ നിയമങ്ങൾ പാലിക്കുന്ന ഭൂരിഭാഗം അപേക്ഷകർക്കും ബാധകമാകുന്ന അടിസ്ഥാന സമയപരിധിയാണിത്. നിർദേശപ്രകാരം ഏഴ് വർഷത്തിനിടെ കുറഞ്ഞത് അഞ്ച് വർഷം പ്രതിവർഷം 12,571 യൂറോ വരുമാനം നേടിയിരിക്കണമെന്ന വ്യവസ്ഥയും ഉൾപ്പെടുന്നു.
ഇരുപത് വർഷം: വിസാ നിയമങ്ങൾ ലംഘിച്ചവർക്കും സർക്കാർ പൊതുഫണ്ട് തുടർച്ചയായി ഉപയോഗിക്കുന്നവർക്കും ദീർഘമായ കാത്തിരിപ്പ് കാലയളവ് ബാധകമാകും.
മുപ്പത് വർഷം: ബോട്ടുകൾ വഴി അനധികൃതമായി യുകെയിൽ പ്രവേശിക്കുന്നവർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 30 വർഷം വരെ കാത്തിരിക്കേണ്ടിവരുന്ന വ്യവസ്ഥയും നിർദേശത്തിലുണ്ട്.
വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും മാറ്റങ്ങൾ
സ്റ്റുഡന്റ്, ഗ്രാജുവേറ്റ്, ടൂറിസ്റ്റ് വിസകളിൽ യുകെയിൽ ചെലവഴിക്കുന്ന കാലയളവ് സ്ഥിരതാമസത്തിനുള്ള താമസകാലമായി കണക്കാക്കില്ലെന്നാണ് പുതിയ നിർദേശം. ദീർഘകാല താമസത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരതാമസം നേടാൻ സഹായിച്ചിരുന്ന ‘ലോങ് റെസിഡൻസ്’ സംവിധാനവും നിർത്തലാക്കാനാണ് നീക്കം.
ദമ്പതികൾക്ക് സംയുക്ത കുടുംബവരുമാനമായി 25,142 യൂറോ തെളിയിച്ച് ഒരേ സമയം സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥയും ചട്ടക്കൂടിലുണ്ട്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും വ്യത്യസ്ത വ്യവസ്ഥകളാണ് നിർദേശിച്ചിരിക്കുന്നത്. 2025 മെയ് മാസത്തിന് മുമ്പ് യുകെയിലെത്തിയ കെയർ തൊഴിലാളികൾക്ക് നിലവിലുള്ള അഞ്ച് വർഷത്തെ ഇളവ് തുടരും. എന്നാൽ അതിനുശേഷം എത്തിയവർക്ക് പത്ത് വർഷത്തെ സമയപരിധി ബാധകമാകും.
അരലക്ഷത്തിലധികം വിദേശികളെ ബാധിച്ചേക്കും
പുതിയ നിയമങ്ങൾ നടപ്പിലായാൽ 500,000ത്തിലധികം വിദേശികളുടെ സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് നീളുമെന്നാണ് യുകെ ഹോം ഓഫീസ് വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ബ്രിട്ടനിൽ ജോലി ചെയ്യുകയും പഠിക്കുകയും കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്യുന്ന നിരവധി വിദേശികളുടെ കുടിയേറ്റ ഭാവിയെ ഈ നിർദേശങ്ങൾ സ്വാധീനിച്ചേക്കും.
സ്ഥിരതാമസത്തിനുള്ള യോഗ്യത താമസകാലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലാതാകുന്നതോടെ വരുമാനം, തൊഴിൽ, ഭാഷാപ്രാവീണ്യം, നിയമപാലനം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. പുതിയ ചട്ടക്കൂട് പ്രാബല്യത്തിൽ വരുന്നതോടെ യുകെയിൽ ദീർഘകാലമായി താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കുടിയേറ്റ നടപടികൾ കൂടുതൽ സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ.


