Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
യാർഡിൽ നിന്ന് തനിയെ നീങ്ങിയത് ഏഴ് കോച്ചുകൾ; റെയിൽവേ അനാസ്ഥകൾ തുടരുമ്പോൾ | Nalamidam
3 November 2026
Home News National യാർഡിൽ നിന്ന് തനിയെ നീങ്ങിയത് ഏഴ് കോച്ചുകൾ; റെയിൽവേ അനാസ്ഥകൾ തുടരുമ്പോൾ

യാർഡിൽ നിന്ന് തനിയെ നീങ്ങിയത് ഏഴ് കോച്ചുകൾ; റെയിൽവേ അനാസ്ഥകൾ തുടരുമ്പോൾ

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

87

ചെന്നൈ: തമിഴ്നാട്ടിൽ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് ഒഴിഞ്ഞ ട്രെയിൻ കോച്ചുകൾ നിയന്ത്രണമില്ലാതെ തനിയെ ഉരുണ്ടുനീങ്ങി. ലോക്കോ പൈലറ്റോ എൻജിനോ ഇല്ലാതെ ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ച കോച്ചുകൾ തിരുപ്പത്തൂർ ജില്ലയിലെ താമലേരി മുത്തൂരിന് സമീപം പാളം തെറ്റി. സംഭവത്തെ തുടർന്ന് ബെംഗളൂരു-ചെന്നൈ റെയിൽവേ പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ അധികൃതരുടെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

ജോളാർപേട്ടൈ ജങ്ഷനിലെ കോച്ച് മെയിന്റനൻസ് യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ, എൻജിൻ ഉപയോഗിച്ച് നീക്കിയ ശേഷം കോച്ചുകൾ കൃത്യമായി സുരക്ഷിതമാക്കി നിർത്താത്തതാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട കോച്ചുകൾ യാർഡ് പരിധി കടന്ന് ബെംഗളൂരു-ജോളാർപേട്ടൈ പ്രധാന പാതയിലൂടെ മുന്നോട്ടുനീങ്ങുകയായിരുന്നു.

ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് കോച്ചുകൾ താമലേരി മുത്തൂരിന് സമീപം പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളിൽ നിന്നുണ്ടായ അസാധാരണ ശബ്ദം ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ ഇദ്ദേഹം റെയിൽവേ അധികൃതരെ വിവരമറിയിച്ചു.

വിവരം ലഭിച്ചയുടൻ ബെംഗളൂരു ഭാഗത്തുനിന്ന് ജോളാർപേട്ടൈയിലേക്ക് വരാനിരുന്ന ട്രെയിനുകൾ തടയാൻ വിവിധ സ്റ്റേഷനുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് നൽകി. ഇതോടെ വൻ ട്രെയിൻ അപകടത്തിനുള്ള സാധ്യത ഒഴിവാക്കാനായി. പിന്നാലെ റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

സംഭവത്തെ തുടർന്ന് തിരക്കേറിയ ബെംഗളൂരു-ചെന്നൈ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ വൈകിയതായാണ് റിപ്പോർട്ടുകൾ. 16 റെയിൽവേ ട്രാക്കുകളുള്ള ജോളാർപേട്ടൈ ജങ്ഷൻ തമിഴ്നാട്ടിലെ പ്രധാന റെയിൽവേ കേന്ദ്രങ്ങളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ യാർഡുകളിലൊന്നും ഇവിടെയാണുള്ളത്.

അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന കോച്ചുകൾ എങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പ്രധാന പാതയിലേക്ക് നീങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ, ഉത്തരവാദികൾ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിച്ചേക്കും. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.