മധ്യപൗരസ്ത്യ ദേശത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയത്തിൽ കനത്ത വെല്ലുവിളികളും ഒറ്റപ്പെടലും നേരിട്ട് സൗദി അറേബ്യ. നിർണായകമായ ചെങ്കടൽ മേഖലയിൽ ഹൂത്തി വിമതർ സ്വാധുറപ്പിക്കുകയും റിയാദിനെതിരെ ആക്രമണങ്ങൾ ശക്തമാക്കുകയും ചെയ്യുമ്പോൾ, പരമ്പരാഗത സഖ്യകക്ഷികളെല്ലാം ഈ സംഘർഷത്തിൽ നിന്ന് ബോധപൂർവ്വം അകലം പാലിക്കുകയാണ്. സൗദി സുരക്ഷയ്ക്കും പ്രാദേശിക മേൽക്കോയ്മയ്ക്കും കനത്ത തിരിച്ചടിയാണ് ഈ പുതിയ സാഹചര്യം.
വാഷിംഗ്ടണിന്റെ നിഷേധവും ഇറാൻ യുദ്ധവും
സൗദി അറേബ്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് വാഷിംഗ്ടണിൽ നിന്നാണ്. ഹൂത്തി വിമതരുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൈനിക സഹായം അഭ്യർത്ഥിച്ചെങ്കിലും ട്രംപ് ആ ആവശ്യം പൂർണ്ണമായി തള്ളി.
2026 ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിൽ സൗദി അറേബ്യ പുലർത്തിയ നയമാണ് ഈ വിസമ്മതത്തിന് പിന്നിൽ. യുഎസ്-ഇറാൻ പോരാട്ടത്തിൽ പൂർണ്ണ പിന്തുണ നൽകുമെന്നാണ് വാഷിംഗ്ടൺ കരുതിയതെങ്കിലും, റിയാദ് നിഷ്പക്ഷത പാലിക്കുകയാണുണ്ടായത്. സൗദി മണ്ണിൽ വെച്ച് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് രാജ്യം അനുമതി നൽകിയില്ല.
ഈ നിസ്സഹകരണം അമേരിക്കൻ സൈനിക നീക്കങ്ങളെ പലതവണ പ്രതിരോധത്തിലാക്കിയിരുന്നു. അന്ന് സൗദി നിലപാടിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്ന ട്രംപ്, ഇപ്പോൾ ഹൂത്തികളുടെ ഭീഷണി രൂക്ഷമായപ്പോൾ 2025-ലെ ഹൂത്തി കരാർ ചൂണ്ടിക്കാട്ടി ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു.
നിശബ്ദരായി പാകിസ്താനും തുർക്കിയും
സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ പാകിസ്താനുമായും തുർക്കിയുമായും ചേർന്ന് ‘മക്ക പ്രതിരോധ കരാർ’ ഒപ്പുവെച്ചിരുന്നു. അംഗരാജ്യങ്ങളിൽ ഒന്നിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരെയുള്ള കടന്നുകയറ്റമായി കണ്ട് സംയുക്തമായി പ്രതിരോധിക്കുമെന്നതായിരുന്നു ഈ കരാർ.
ഹൂത്തി ആക്രമണങ്ങളിൽ സഖ്യകക്ഷികൾ ഒപ്പമുണ്ടാകുമെന്ന് സൗദി കരുതിയെങ്കിലും പാകിസ്ഥാൻ പൂർണ്ണ നിശബ്ദതയാണ് പാലിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തികളെ പിണക്കി പ്രാദേശിക പ്രകോപനങ്ങൾക്ക് നിൽക്കാൻ പാകിസ്ഥാൻ ഇപ്പോൾ തയ്യാറല്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
വഷളായ പ്രാദേശിക ബന്ധങ്ങളും എണ്ണയിടിവും
ബാഹ്യ സഖ്യകക്ഷികൾ കൈയൊഴിഞ്ഞതിന് പുറമെ പ്രാദേശിക ബന്ധങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്. ഇറാനുമായി നിലനിൽക്കുന്ന അകൽച്ചയ്ക്ക് പുറമെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായുള്ള (യുഎഇ) തർക്കങ്ങളും രൂക്ഷമാണ്. യെമന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മുമ്പ് സൗദി-യുഎഇ തർക്കങ്ങൾ ഉണ്ടായിരുന്നതിനാൽ, ഇപ്പോഴത്തെ പ്രതിസന്ധിയിൽ സൗദിയെ സഹായിക്കാൻ അബുദാബി തയ്യാറായിട്ടില്ല.
ഈ സംഘർഷം സൗദി സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ചെങ്കടലിന്റെ വലിയൊരു ഭാഗം ഹൂത്തികളുടെ നിയന്ത്രണത്തിലായതോടെ എണ്ണ വിതരണം തടസ്സപ്പെട്ടു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ജൂലൈയിൽ പ്രതിദിനം 8.1 ദശലക്ഷം ബാരലായിരുന്ന സൗദി എണ്ണ ഉൽപാദനം ഓഗസ്റ്റിൽ 6.2624 ദശലക്ഷം ബാരലായി കൂപ്പുകുത്തി. ഒറ്റമാസം കൊണ്ട് 23 ശതമാനത്തിന്റെ ഭീമാകാരമായ ഇടിവാണ് ഉൽപാദനത്തിലുണ്ടായിരിക്കുന്നത്.
ഹൂത്തികളുടെ ഗറില്ലാ ശക്തിയും ആഗോള ഭയവും
ഗറില്ലാ യുദ്ധമുറകളിൽ അതീവ വിദഗ്ധരായ ഹൂത്തികളെ നേരിടാൻ ആഗോള തലത്തിൽത്തന്നെയാരും മുന്നോട്ടു വരുന്നില്ലെന്നതാണ് സൗദിയുടെ പ്രതിസന്ധി ഇരട്ടിയാക്കുന്നത്. 2025-ൽ അമേരിക്കയും ഇസ്രായേലും ഇവർക്കെതിരെ സൈനിക നീക്കങ്ങൾ നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 12 ശതമാനവും കടന്നുപോകുന്ന ചെങ്കടൽ പാതയുടെ നിർണായക ഭാഗം കൈയടക്കി വെച്ചിരിക്കുന്ന ഹൂത്തികളുടെ ഈ തന്ത്രപരമായ മേൽക്കോയ്മയാണ് ലോകരാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നത്. ഒടുവിൽ, ഈ നിർണായക പോരാട്ടത്തിൽ സൗദി അറേബ്യ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.


