...
Home News National കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ 94 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ 94 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

ഏറ്റവും പുതിയ 'ഇന്റു ദി ലൈറ്റ് ഇൻഡക്‌സ്- 2025'-ലെ കണ്ടെത്തലുകൾ പുറത്തിറക്കി

233

ഇന്ത്യയിൽ പോക്സോ പ്രകാരം 2017നും 2022നും ഇടയിൽ കുട്ടികൾക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ 94 ശതമാനം വർധനവ് രേഖപ്പെടുത്തി. 33,210ൽ നിന്ന് 64,469 കേസുകളായി വർധിച്ചു. എന്നാൽ എണ്ണം വർദ്ധിച്ചിട്ടും, പ്രോസിക്യൂഷൻ നിരക്ക് 90 ശതമാനത്തിന് മുകളിലാണ്. ഇത് ശക്തമായ നടപ്പാക്കലിൻ്റെയും റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെയും സൂചനയാണെന്ന് ഒരു പുതിയ റിപ്പോർട്ടിൽ പറയുന്നു.

എഡിൻബർഗ് സർവകലാശാലയും ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയും ആതിഥേയത്വം വഹിക്കുന്ന ചൈൽഡ്‌ ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഈ ആഴ്‌ച അവരുടെ ഏറ്റവും പുതിയ ‘ഇന്റു ദി ലൈറ്റ് ഇൻഡക്‌സ്- 2025’-ലെ കണ്ടെത്തലുകൾ പുറത്തിറക്കി. ഈ സാഹചര്യത്തെ “ആഗോള അനുപാതത്തിലുള്ള മനുഷ്യ ദുരന്തം” -എന്ന് വിശേഷിപ്പിച്ചു.

ഇന്റു ദി ലൈറ്റ് ഇൻഡക്‌സ്- 2025 അനുസരിച്ച്, 2017നും 2022നും ഇടയിൽ ഇന്ത്യയിൽ കുട്ടികൾക്ക്‌ എതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 94 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അതായത് 33,210ൽ നിന്ന് 64,469 കേസുകൾ.

“സംഖ്യകൾ വർദ്ധിച്ചു വരുന്നുണ്ടെങ്കിലും, രാജ്യത്തെ പ്രോസിക്യൂഷൻ നിരക്ക് 90 ശതമാനത്തിന് മുകളിലാണ്. ഇത് ശക്തമായ നടപ്പാക്കൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങളുടെ സൂചനയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും സംബന്ധിച്ച ലഭ്യമായ ഡാറ്റയുടെ ആഴത്തിൽ ഇന്ത്യ ദക്ഷിണേഷ്യയിൽ വേറിട്ടു നിൽക്കുന്നു. കുറ്റകൃത്യ സ്ഥിതിവിവര കണക്കുകളിലെ സുതാര്യത കൂടുതൽ ഫലപ്രദമായ നിരീക്ഷണത്തിനും വേഗത്തിലുള്ള നടപടിക്കും അനുവദിക്കുന്നു,” -റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സർവേ ഡാറ്റ കാണിക്കുന്നത് എട്ട് കുട്ടികളിൽ ഒരാൾ (12.5 ശതമാനം) 18 വയസ് തികയുന്നതിന് മുമ്പ് ലൈംഗിക അതിക്രമമോ ബലാത്സംഗമോ റിപ്പോർട്ട് ചെയ്യുന്നു എന്നാണ്. ഈ മൂന്ന് രാജ്യങ്ങളിലായി ഏകദേശം 54 ദശലക്ഷം കുട്ടികൾ.

“2024ൽ, ദക്ഷിണേഷ്യയിലെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ആയിരുന്നു. ആഗോള നിരീക്ഷകർക്ക് മുന്നിൽ ഇന്ത്യ മാത്രം 2.25 ദശലക്ഷം കേസുകൾ രേഖപ്പെടുത്തി. എന്നിരുന്നാലും, ഈ മേഖലയിലെ ഏറ്റവും കുറഞ്ഞ CSAM ലഭ്യത നിരക്കും ഇന്ത്യയിലുണ്ട് (10,000 ആളുകൾക്ക് 15.5 റിപ്പോർട്ടുകൾ), ഇത് ശക്തമായ കണ്ടെത്തൽ, റിപ്പോർട്ടിംഗ് സംവിധാനങ്ങൾ സൂചിപ്പിക്കുന്നു,” -റിപ്പോർട്ട് പറയുന്നു.

കുട്ടികളെ ഉൾപ്പെടുത്തി ലൈംഗിക ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കൃത്രിമബുദ്ധിയുടെ ദുരുപയോഗം വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 2023നും 2024നും ഇടയിൽ AI- ജനറേറ്റഡ് CSAM-ൽ 1,325 ശതമാനം വർദ്ധനവ് ചൂണ്ടിക്കാട്ടി.

“സുരക്ഷാ സംവിധാനങ്ങളില്ലാതെ എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ഉൾപ്പെടെയുള്ള പ്രധാന സാങ്കേതിക കമ്പനികളുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ അത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതും തടയുന്നതും ബുദ്ധിമുട്ടാക്കുന്നു” -എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

“സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ദുരുപയോഗം വ്യാപകമാണ്. ഓരോ സ്ഥിതിവിവര കണക്കിനും പിന്നിൽ സുരക്ഷയും അന്തസും ഭാവിയും കവർന്നെടുത്ത ഒരു കുട്ടിയുണ്ട്. എന്നാൽ നമ്മൾ ഇപ്പോൾ പ്രവർത്തിച്ചാൽ ഈ പ്രതിസന്ധി തടയാനാകും,” -ചൈൽഡ്‌ ലൈറ്റിൻ്റെ സിഇഒയും മുൻ ഇൻ്റെർപോൾ ഡയറക്ടറുമായ പോൾ സ്റ്റാൻഫീൽഡ് പറഞ്ഞു.

എച്ച്ഐവി/ എയ്‌ഡ്‌സിനും കോവിഡ്-19നും എതിരായ ആഗോള പ്രതികരണങ്ങളിൽ കാണുന്ന അതേ അടിയന്തിരാവസ്ഥ നിലനിർത്തി കൊണ്ട്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും (സിഎസ്ഇഎ) ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കണമെന്ന് റിപ്പോർട്ട് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടു.

“ആളുകൾ ചിന്തിക്കുന്നതിനേക്കാൾ അടുത്താണ് ദുരുപയോഗം. നമ്മൾ അത് തടയുമ്പോൾ, ആരോഗ്യകരമായ ജീവിതവും ശക്തമായ സമൂഹങ്ങളും സാധ്യമാകുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിലനിൽക്കുന്നത് അത് നിലനിൽക്കാൻ അനുവദിക്കപ്പെട്ടത് കൊണ്ടാണ്. മതിയായ ഇച്ഛാശക്തി ഉണ്ടെങ്കിൽ, അത് അവസാനിപ്പിക്കാൻ കഴിയും. പ്രവർത്തിക്കേണ്ട സമയം ഇപ്പോഴാണ്. കുട്ടികൾക്ക് കാത്തിരിക്കാനാവില്ല,” -സ്റ്റാൻഫീൽഡ് പറഞ്ഞു.

ഉറവിടം: പിടിഐ, ചിത്രീകരണം ക്രെഡിറ്റ്: ഉത്തം ഘോഷ്/ Rediff

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.