| ബഷീർ വള്ളിക്കുന്ന്
വളരെ അടുത്ത സൗഹൃദമുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിന്റെ ഇത്തരം ലൈംഗിക വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിന് അറിവുണ്ടായിരിക്കാനിടയില്ല എന്ന് വിശ്വസിക്കുന്ന ധാരാളം പേരുണ്ടാകും. പ്രത്യേകിച്ചും കോൺഗ്രസ്സ് പ്രവർത്തകരിൽ. അത്തരം നിഷ്കളങ്കരുടെ കൂടെ വിശ്വാസത്തിനേറ്റ കനത്ത അടിയാണ് ഒരു കോൺഗ്രസ്സ് പ്രവർത്തക തന്നെയായ എം എ ഷഹനാസിന്റെ ഇന്നത്തെ വെളിപ്പെടുത്തൽ.
രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാൾ അതിനെ പരിഹാസപൂർവം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആക്കുവാൻ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോൾ തകർന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണ്.
ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി താഴേത്തട്ടിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരാളാണ് അവരെന്ന് അവരുടെ എഫ് ബി പ്രൊഫൈൽ നോക്കിയാൽ മനസ്സിലാകും. മാത്രമല്ല അവർ കെപിസിസി സംസ്കാര സാഹിതിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്.
അപ്പോൾ ഉത്തരവാദപ്പെട്ട ഒരു പോസ്റ്റിലുള്ള ഒരു വനിതാ പ്രവർത്തക തന്നെ നിരവധി സ്ത്രീകൾ ഇയാളിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അതൊക്കെ അവഗണിച്ച് അതേ മനുഷ്യനെ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആക്കുവാൻ ഷാഫി പറമ്പിൽ പിടിവാശിയോടെ പ്രവർത്തിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്. യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് ആക്കുക മാത്രമല്ല അതേ ലൈംഗിക വൈകൃതനെ തന്റെ പിൻഗാമയിയായി പാലക്കാട്ടെ ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുക കൂടി ചെയ്തു.
അപ്പോൾ ഒരു കാര്യം ഉറപ്പ്.. ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയും യുഡിഫ് മൊത്തത്തിലും എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥക്ക് ഒരു പ്രധാന കാരണക്കാരൻ ഷാഫി കൂടിയാണ്. താൻ യൂത്ത് കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിരിക്കുന്ന ഘട്ടത്തിൽ ഇങ്ങനെ ഒരു വിവരം കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് തന്നെ മനസിലാക്കാൻ അവസരം കിട്ടിയാൽ ഒരു മിനിമം സാമൂഹ്യബോധമുള്ള നേതാവ് ചെയ്യുക അത്തരം ആളുകളെ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്. എന്നാൽ അതിന് നേരെ വിപരീതമായ പണിയാണ് ഷാഫി ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഷാഫി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. “രാഹുൽ വിൽ ഡൂ ഗ്രേറ്റ് തിങ്ങ്സ്” എന്ന്.. ഷാഫി പറഞ്ഞ രാഹുലിന്റെ ആ ഗ്രേറ്റ് തിങ്ങ്സ് എന്തൊക്കെയാണെന്ന് കേരളം ഇതിനകം കണ്ടു കഴിഞ്ഞു. കള്ളന് കഞ്ഞി വെച്ചവൻ എന്നൊരു ചൊല്ലുണ്ട്. ഇവിടെ കഞ്ഞി മാത്രമല്ല കള്ളന് ബിരിയാണി തന്നെ വെച്ച് വിളമ്പുകയാണ് ഷാഫി ചെയ്തത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഷാഫി തകർക്കുന്നത് പാർട്ടിയുടെ ഇമേജ് മാത്രമല്ല സ്വന്തം ഇമേജ് കൂടിയാണ്.



