...
Home News National തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍; തടയാൻ ‘ഷീ ബോക്‌സ്’ പോർട്ടൽ ആരംഭിച്ചു

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍; തടയാൻ ‘ഷീ ബോക്‌സ്’ പോർട്ടൽ ആരംഭിച്ചു

സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇൻ്റെണല്‍ കമ്മിറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവയുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും

307

ലൈംഗിക ചൂഷണങ്ങള്‍ തൊഴിലിടങ്ങളില്‍ തടയാന്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം പരാതികള്‍ അറിയിക്കാനും നിരീക്ഷിക്കാനുമാണ് ‘ഷീ ബോക്‌സ്’ എന്ന പേരില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. പോര്‍ട്ടല്‍ വ്യാഴാഴ്‌ച മുതല്‍ പ്രവര്‍ത്തന സജ്ജമായി.

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള ഇൻ്റെണല്‍ കമ്മിറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവയുടെ സമഗ്ര വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. കൂടാതെ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനും പരാതികളുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും പോര്‍ട്ടലില്‍ സൗകര്യം ഉണ്ടാകും.

ഇൻ്റെണല്‍ കമ്മിറ്റികള്‍ക്ക് ലഭിക്കുന്ന പരാതികളില്‍ സമയ ബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെ പോര്‍ട്ടല്‍ പരിഗണിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുക, സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുക തുടങ്ങിയ നടപടപടികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പിൻ്റെ ഭാഗമായാണ് പോര്‍ട്ടല്‍ പ്രകാശനം. പരാതിക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവരാതെ പരാതികള്‍ക്ക് ഉചിതമായ പരിഹാരം കാണാന്‍ പോര്‍ട്ടല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഷീ ബോക്‌സിൻ്റെ പ്രവര്‍ത്തനം എന്നതും ശ്രദ്ധേയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തൊഴിലിടങ്ങളിലെ പ്രശ്‌നമായാണ് മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇതുവരെ ഇരുപതിലധികം പരാതികളാണ് സംസ്ഥാന പോലീസിന് ലഭിച്ചിട്ടുള്ളത്. സിനിമ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ ആരോപണ വിധേയരായ ഈ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.