...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ‘റെയിൽവേ തന്നെ അടച്ചുവെക്കണോ?’; കേന്ദ്ര സർക്കാർ നീക്കത്തെ പരിഹസിച്ച് സിജെപി നേതാക്കൾ, വീഡിയോ വൈറൽ

‘റെയിൽവേ തന്നെ അടച്ചുവെക്കണോ?’; കേന്ദ്ര സർക്കാർ നീക്കത്തെ പരിഹസിച്ച് സിജെപി നേതാക്കൾ, വീഡിയോ വൈറൽ

വോട്ട് കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വൻതോതിൽ പങ്കെടുക്കുമെന്നും ആദർശ് എം. സജി വ്യക്തമാക്കി

4

ബെംഗളൂരു: ഡൽഹിയിൽ സിജെപി പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി മെട്രോ, റെയിൽവേ സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പരിഹസിച്ച് സിജെപി നേതാക്കൾ. അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ തമ്മിലുള്ള പരിഹാസ സംഭാഷണത്തിന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുന്നതിനെ രൂക്ഷമായ പരിഹാസത്തിലൂടെയാണ് നേതാക്കൾ വിമർശിക്കുന്നത്.

‘നാളെ ഞങ്ങൾ പ്രതിഷേധത്തിന് ഇറങ്ങുന്നതിനാൽ നമ്മുടെ വിശ്വഗുരു, 56 ഇഞ്ച് മഹാമാനവ് റെയിൽവേ സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്’ എന്ന അഭിജീത് ദീപ്കെയുടെ പരാമർശത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതുകേട്ട് സൗരവ് ദാസും അശുതോഷ് റാങ്കെയും ചിരിക്കുന്നുണ്ട്.

തുടർന്ന് എന്താണ് പറയാനുള്ളതെന്ന് അഭിജീത് ചോദിക്കുമ്പോൾ, ‘മോദിജി നല്ല അന്തരീക്ഷമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്’ എന്ന പരിഹാസത്തോടെയാണ് സൗരവ് ദാസ് പ്രതികരിക്കുന്നത്. ‘മോദിജി, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലല്ലോ? ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലല്ലോ?’ എന്നാണ് അശുതോഷ് റാങ്കയുടെ ചോദ്യം.

‘ഇടയ്ക്കിടെ രക്തസമ്മർദം പരിശോധിച്ചുകൊണ്ടിരിക്കണം. റെയിൽവേ തന്നെ നിർത്തിവെക്കുക എന്ന് പറഞ്ഞാൽ അത്രയ്ക്കൊക്കെ വേണമായിരുന്നോ?’ എന്നായിരുന്നു അഭിജീത് ദീപ്കെയുടെ അടുത്ത പരിഹാസം.

‘അടിയന്തരാവസ്ഥയിൽ പോലും ഇതുണ്ടായിട്ടില്ല’

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അടിയന്തരാവസ്ഥയെ പരാമർശിച്ചാണ് സൗരവ് ദാസ് സർക്കാരിനെ വിമർശിക്കുന്നത്. ‘ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി പോലും അടിയന്തരാവസ്ഥക്കാലത്ത് ഇത് ചെയ്തിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധത്തിൽ ആളുകൾ പങ്കെടുക്കില്ലെന്നാണ് വലതുപക്ഷക്കാർ പറയുന്നതെന്നും എന്നാൽ ജനങ്ങളുടെ വരവ് ഭയന്നാണ് പാർലമെന്റ് അടച്ചിടുന്നതെന്നുമുള്ള പരിഹാസവും അശുതോഷ് റാങ്ക ഉന്നയിക്കുന്നുണ്ട്.

‘റെയിൽവേ അടച്ചു, മെട്രോ അടച്ചു. സാർ, നിങ്ങൾ രക്തസമ്മർദം പരിശോധിച്ചുകൊണ്ടിരുന്നാൽ മതി’ എന്നായിരുന്നു അഭിജീത് ദീപ്കെയുടെ മറുപടി. 57 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഡൽഹി തന്നെ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പാണ് സർക്കാരിന്റെ നടപടികളിലൂടെ ലഭിക്കുന്നതെന്നും സൗരവ് ദാസ് കൂട്ടിച്ചേർക്കുന്നു.

തുടർന്ന് സച്ചിൻ ശർമയെ പരാമർശിച്ചുള്ള സംഭാഷണത്തിനിടെ ‘ജനറൽ ഡയർ’ എന്ന വിശേഷണവും സൗരവ് ദാസ് ഉപയോഗിക്കുന്നുണ്ട്. ഒടുവിൽ ‘കുഴപ്പമില്ല സർ, ജന്തർ മന്തറിലേക്കാണ് പോകുന്നത്. ഞങ്ങൾ വീണ്ടും വരികയാണ്. നാളെ കാണാം, ബൈ ബൈ’ എന്ന് പറഞ്ഞാണ് അഭിജീത് ദീപ്കെ സംഭാഷണം അവസാനിപ്പിക്കുന്നത്.

നേതാക്കൾ കരുതൽ തടങ്കലിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ഡൽഹിയിൽ നടത്താനിരിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി- യുവജന നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിജെപി പ്രവർത്തകരെ വിവിധ സംസ്ഥാനങ്ങളിൽ തടഞ്ഞുവെച്ചതായി സംഘടനാ നേതൃത്വം ആരോപിച്ചു. എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ് ലെവോവ് പൊലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാണെന്നും എസ്എഫ്ഐ ജില്ലാ കൺവീനർ ആരിഫിനെ ഉത്തർപ്രദേശിലെ ഷഹരാൻപൂരിൽനിന്ന് അറസ്റ്റ് ചെയ്തെന്നും സംഘടന ആരോപിച്ചു. ഡിവൈഎഫ്ഐ ഉത്തർപ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണെന്നാണ് നേതൃത്വത്തിന്റെ ആരോപണം.

‘വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾക്കു നേരെ’

പ്രതിഷേധത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന വിദ്യാർഥി നേതാക്കളെ തടഞ്ഞുവെക്കുന്നത് നിയമവിരുദ്ധവും അനീതിയുമാണെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി പ്രതികരിച്ചു.

ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയങ്ങളിൽ ശബ്ദമുയർത്തുന്നതിൽനിന്ന് വിദ്യാർഥികളെയും യുവജനങ്ങളെയും തടയാൻ പൊലീസ് ബലപ്രയോഗവും ഏകപക്ഷീയമായ തടങ്കലും ഉപയോഗിക്കുന്നത് ജനാധിപത്യ അവകാശങ്ങൾക്കു നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണെന്ന് അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയും തടങ്കലിലാക്കിയും അവരുടെ ജനാധിപത്യബോധത്തെ അടിച്ചമർത്താനുള്ള ബിജെപി-ആർഎസ്എസ് ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വൻതോതിൽ പങ്കെടുക്കുമെന്നും ആദർശ് എം. സജി വ്യക്തമാക്കി.

മെട്രോ, റെയിൽവേ നിയന്ത്രണങ്ങൾക്കും നേതാക്കളെ തടഞ്ഞുവെച്ചെന്ന ആരോപണങ്ങൾക്കും പിന്നാലെ പ്രതിഷേധത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനവും ശക്തമാകുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.