സിംഗപ്പൂർ ജനതയുടെ ഇടയിൽ കുറഞ്ഞുപോകുന്ന വായനാശീലം തിരിച്ചുപിടിക്കാനും അവരെ ഗുരുതരമായ സോഷ്യൽ മീഡിയ അഡിക്ഷനിൽ നിന്നും മോചിപ്പിക്കാനുമായി ആകർഷകമായ പ്രതിഫലവുമായി സിംഗപ്പൂർ സർക്കാർ. ഓരോ തവണയും നിശ്ചിത സമയം വായനയ്ക്കായി മാറ്റിവെക്കുന്ന പൗരന്മാർക്ക് അർഹമായ സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പദ്ധതിക്ക് സിംഗപ്പൂർ നാഷണൽ ലൈബ്രറി ബോർഡ് തുടക്കമിട്ടു. ലൈബ്രറി ബോർഡിന്റെ ‘റീഡ് എസ്.ജി’ (ReadSG) എന്ന അഞ്ചുവർഷത്തെ ദേശീയ വായനാ പദ്ധതിയുടെ ഭാഗമായാണ് ജനങ്ങൾക്ക് വായിച്ചാൽ പണം നൽകുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദിനംപ്രതി വായനയ്ക്കായി സമയം മാറ്റിവെക്കുന്നതിലൂടെ ജനങ്ങളിൽ ഏകാഗ്രതയും ചിന്താശേഷിയും ഭാവനയും വർധിപ്പിക്കാമെന്നാണ് പദ്ധതിയിലൂടെ അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർ സർക്കാറിന്റെ ക്രൗഡ് സോഴ്സിംഗ് വെബ്‌സൈറ്റായ ‘ക്രൗഡ് ടാസ്‌ക് എസ്.ജി’യിൽ (CrowdTaskSG) ലോഗിൻ ചെയ്യേണ്ടതുണ്ട്. ഈ പോർട്ടൽ വഴി പതിനഞ്ചോ അതിലധികമോ മിനിറ്റ് ദൈർഘ്യമുള്ള ഒരു വായനാ സെഷൻ പൂർത്തിയാക്കുമ്പോൾ ഉപയോക്താക്കൾക്ക് 20 വിർച്വൽ കോയിനുകൾ ലഭിക്കും. ഇത്തരത്തിൽ 1000 നാണയങ്ങൾ ശേഖരിക്കുമ്പോൾ അത് ഒരു സിംഗപ്പൂർ ഡോളറിന് തുല്യമാകും. ഒരാൾക്ക് പരമാവധി 50 സെഷനുകളിൽ വരെ പങ്കെടുക്കാമെങ്കിലും, ഒരു ദിവസം ഒരു സെഷൻ മാത്രമാണ് അനുവദിക്കുക.
ഇത്തരം ചെറിയ തുടക്കങ്ങളിലൂടെ ജനങ്ങളിൽ ശക്തമായ നല്ല ശീലങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ് സിംഗപ്പൂർ ഭരണകൂടത്തിന്റെ ലക്ഷ്യം. മുൻപും ആരോഗ്യസംരക്ഷണം മുൻനിർത്തി കാൽനടയാത്രക്കാർക്ക് സൂപ്പർ മാർക്കറ്റ് ക്യാഷ് വൗച്ചറുകളും സമ്മാനങ്ങളും നൽകുന്ന പദ്ധതികൾ സിംഗപ്പൂർ വിജയകരമായി ആവിഷ്കരിച്ചിട്ടുണ്ട്. വായനാശീലം വളർത്തുന്നതിനൊപ്പം തന്നെ ഡിജിറ്റൽ ലോകത്തെ അമിത ഉപയോഗം നിയന്ത്രിക്കാനും ഇത്തരം ആകർഷകമായ സമ്മാന പദ്ധതികൾ വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചെലവഴിക്കുന്ന ശീലം നിയന്ത്രിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പലവിധ നിയമങ്ങൾ നടപ്പിലാക്കി വരികയാണ്. അമേരിക്കയിലും യൂറോപ്പിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് മാതാപിതാക്കളുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. ഡിജിറ്റൽ അഡിക്ഷനെ ഒരു ‘നിശബ്ദ അടിയന്തരാവസ്ഥ’ എന്നാണ് ഇന്ത്യയുടെ ഇക്കണോമിക് സർവേ വിശേഷിപ്പിച്ചത്. ഈ വിഷയത്തെ നിയമപരമായും ആരോഗ്യപരമായും അക്കാദമികമായും സാമൂഹികമായും നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ ഇന്ത്യയുമുള്ളത്.


