...
Home News Kerala ബിഷപ് ഫ്രാങ്കോക്കോതിരെ പോരാട്ടത്തിനിറങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു

ബിഷപ് ഫ്രാങ്കോക്കോതിരെ പോരാട്ടത്തിനിറങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു

താൻ ഉൾപ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്പോൾ കാര്യങ്ങൾ ഭേദമാകുമെന്ന് കരുതി അനുപമ കാത്തിരുന്നു എങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

446

പീഡനകേസിൽ ബിഷപ് ഫ്രാങ്കോക്കോതിരെ പരസ്യമായി സമരത്തിന് ഇറങ്ങി ആക്രമണങ്ങളേറ്റു വാങ്ങിയ സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു. കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിയമത്തിന് മുന്നിൽ എത്തിച്ചത്.

ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോയെ 2018 സെപ്തംബർ 21നാണ് അവിടെ നിന്ന് വിളിച്ചുവരുത്തി അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു . കുറവിലങ്ങാട് നാടുകുന്ന് സെൻ്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം അന്തേവാസിയായിരുന്ന കന്യാസ്ത്രീ, സഭയിലെ ഉന്നതരെ പലരെയും പീഡനവിവരം അറിയിച്ചിട്ടും കാര്യക്ഷമമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനൊപ്പമാണ് കന്യാസ്ത്രീകൾ സമരമുഖത്തേക്ക് എത്തുന്ന അത്യപൂർവകാഴ്ച കേരളം കണ്ടത്.

ഈ സമരം ബിഷപിനും സഭയ്ക്കാകെയും ഉണ്ടാക്കിയ ക്ഷീണം തിരിച്ചറിഞ്ഞ വിശ്വാസികളിൽ ഒരുപക്ഷം അനുപമയെ നോട്ടപ്പുള്ളിയാക്കിയതോടെ സഭക്കുള്ളിലെ അവരുടെ നിലനിൽപ് പ്രതിസന്ധിയിലായി . 2022 ജനുവരി 14നാണ് തെളിവുകളുടെ അഭാവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു കൊണ്ട് കോടതിവിധി വരുന്നത്. സ്വാഭാവികമായും ഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു.

താൻ ഉൾപ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത് മാറ്റമുണ്ടാകുമ്പോൾ കാര്യങ്ങൾ ഭേദമാകുമെന്ന് കരുതി അനുപമ കാത്തിരുന്നു എങ്കിലും അതും ഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച് സ്വതന്ത്രയാകാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സമരം സഭക്കെതിരും അല്ല, ഒരു കന്യാസ്ത്രീക്ക് വേണ്ടിയുമല്ല, മറിച്ച് എല്ലാ തൊഴിൽമേഖലയിലും ഉള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നു. തങ്ങളുന്നയിച്ച വിഷയത്തോട് സഭ ഇങ്ങനെയൊരു നിലപാട് എടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം സ്വദേശി അനുപമക്ക് പുറമെ കുറവിലങ്ങാട് കോൺവെന്റിലെ സിസ്റ്റർമാരായ ആൽഫി, നീന റോസ്, അൻസിറ്റ, ജോസഫൈൻ എന്നിവരാണ് 2018 സെപ്റ്റംബർ എട്ടു മുതൽ കൊച്ചി നഗരത്തിൽ സമരമിരുന്നത്. ചരിത്രത്തിൽ ആദ്യമായായിരുന്നു കത്തോലിക്കാ സഭയുടെ നിലപാടിനെതിരെ ഒരുസംഘം കന്യാസ്ത്രീകൾ രംഗത്ത് ഇറങ്ങിയത്. കേസിൽ തോറ്റെങ്കിലും പുരുഷ കേന്ദ്രീകൃതമായ സഭാ സംവിധാനത്തിൽ നീതിതേടി സ്ത്രീകൾ നടത്തിയ ആദ്യ മുന്നേറ്റമെന്ന നിലയിൽ അത് ചരിത്രത്തിൽ ഇടംപിടിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.