കേരളത്തിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ആറ് കർഷകർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ചൊവാഴ്‌ച വയനാട്ടിലെ പുളിമൂട് ഉന്നതിയിലെ രാജു കൃഷി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഇടുക്കി ചിന്നക്കനാലിലെ മാരി, തൃശൂരിൽ അതിരപ്പള്ളി വൈശേരിയിലെ മോഹനൻ, പെരുമ്പാവൂരിലെ പൊങ്ങിൻചുവട് ഉന്നതിയിലെ പുഷ്‌പാകരൻ, പാലക്കാട്ട് മലമ്പുഴയിലെ ചന്ദ്രൻ, വയനാട് മേപ്പാടി പഞ്ചായത്തിലെ ജെസ്സി, കാഞ്ഞിരംപാറ പേണുവിൽ രാജേഷ് എന്നിങ്ങനെ ആറ് കർഷകർ മരണപ്പെട്ടിട്ടും വനം മന്ത്രി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല ഇരകളേയും കുടുംബങ്ങളേയും പരിഹസിക്കുന്ന മന്ത്രിയുടെ പ്രസ്‌താവന സമനില തെറ്റിയത് പോലെയാണ്.
ചിന്നക്കനാലിൽ മാരി മരണപ്പെട്ട ദിവസം വനംമന്ത്രി വളരെ അടുത്തുതന്നെ ആലുവ- മൂന്നാർ ദേശീയ പാതയിലൂടെ സഞ്ചരിച്ചിട്ടും ആ മരണവീട് സന്ദർശിക്കാൻ തയ്യാറായില്ല. അടിമാലി ആശുപത്രിയിൽ ചികിത്സയിലുള്ള മാരിയുടെ മകൻ രക്ഷാനെ കാണാനെത്തുമെന്ന് കരുതിയെങ്കിലും സങ്കടം പറയാൻ കാത്തുനിന്ന പാവങ്ങളെയും മന്ത്രി നിരാശരാക്കി. വനംവകുപ്പിൻ്റെ ഉദാസീനതയാണ് മാരിയുടെ മരണത്തിന് വഴിവച്ചത്. അപകടത്തിൻ്റെ തലേദിനം 17 ആന പ്രദേശത്ത് ഇറങ്ങിയിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചിട്ടും മുൻകരുതലെടുക്കാൻ വനംവകുപ്പിന് കഴിഞ്ഞില്ല.
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപയാണ് മുൻസർക്കാർ നൽകിയിരുന്നത്. അത് 50 ശതമാനംകൂടി ഉയർത്തി 21 ലക്ഷം രൂപ നൽകുമെന്നായിരുന്നു യുഡിഎഫ് വാഗ്‌ദാനം. ഇപ്പോൾ മന്ത്രി അഞ്ച് ലക്ഷം മാത്രമാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ കേരളത്തിലുണ്ടായിട്ടുള്ള വന്യമൃഗ ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി അന്നത്തെ ഇടതുപക്ഷ സർക്കാർ ആയിരുന്നുവെന്നുള്ള നുണപ്രചാരണങ്ങളുമായി സാധാരണ ജനങ്ങളെ പറ്റിച്ചവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്.
വന്യമൃഗ സംരക്ഷണ നിയമം പടച്ചുണ്ടാക്കി മനുഷ്യനേക്കാൾ വിലയുള്ളത് കാട്ടുപന്നിക്കാണെന്ന് സ്ഥാപിച്ചവരാണ് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസും ഇപ്പോൾ ഭരിക്കുന്ന ബിജെപിയും. രണ്ടും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണ് എന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും ബോദ്ധ്യമാവാൻ ഇനിയും കാലമെടുക്കും.വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ പാർലമെന്റിൽ ഒരക്ഷരം ഉരിയാടാത്ത എംപിമാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ പ്രത്യക്ഷ സമരം ചെയ്‌തിരുന്നു.
കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മുഴുവൻ പേരുടെയും കുടുംബങ്ങൾക്ക് ഇരുപത്തഞ്ചു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുകയും അവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയും അനന്തരാവകാശിക്ക് സർക്കാർ ജോലി നൽകുകയും വേണം. മേലിൽ വന്യമൃഗങ്ങളുടെ കടന്നാക്രമണം ഉണ്ടാകാത്ത തരത്തിൽ അടിയന്തിരമായി ശാശ്വത പരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ കർഷകസംഘം പ്രവർത്തകർ വനംമന്ത്രിയെ തെരുവിൽ തടയാൻ നിർബ്ബന്ധിതമാകുമെന്ന് കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളിയും പ്രസിഡന്റ് എം.വിജയകുമാറും പ്രസ്‌താവനയിൽ അറിയിച്ചു



