‘അദൃശ്യ റാഡിക്കലൈസേഷൻ’ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ, വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ഐഎസ്, അൽഖ്വയ്ദ തുടങ്ങിയ തീവ്രവാദ സംഘടനകൾ നേരിട്ടുള്ള ആക്രമണങ്ങൾക്കു പകരം യുവാക്കളെ രഹസ്യമായി തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്ന തന്ത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും ഉപയോഗിച്ച് കുട്ടികളിലും യുവാക്കളിലും തീവ്രവാദ ആശയങ്ങൾ വളർത്തുന്ന ഈ രീതിയെ ‘ഹോം റാഡിക്കലൈസേഷൻ’ എന്നാണ് സുരക്ഷാ ഏജൻസികൾ വിശേഷിപ്പിക്കുന്നത്.
മുൻപ് യുവാക്കളെ നേരിട്ട് ഓൺലൈനിലൂടെ സ്വാധീനിച്ചിരുന്ന സംഘടനകൾ ഇപ്പോൾ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണം മറികടക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണ്. കോളേജ് വിദ്യാർഥികൾ, തൊഴിലില്ലാത്ത യുവാക്കൾ, സർക്കാരിനോടും സംവിധാനങ്ങളോടും അതൃപ്തിയുള്ളവർ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകൾ യുവാക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുപകരം അവരുടെ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ സ്വാധീനിച്ച് കുട്ടികളിലേക്ക് തീവ്രവാദ ആശയങ്ങൾ എത്തിക്കുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സുരക്ഷാ ഏജൻസികൾ സംശയത്തോടെ കാണാനുള്ള സാധ്യത കുറവാണെന്നത് ഈ തന്ത്രത്തിന് സഹായകമാകുന്നു. പുറത്തുനിന്നുള്ള ഒരാളേക്കാൾ കുടുംബാംഗങ്ങൾ പറയുന്ന കാര്യങ്ങൾ കുട്ടികൾ വിശ്വസിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത് തീവ്രവാദ ആശയങ്ങൾ അവരിലേക്ക് എത്തിക്കുന്നത് എളുപ്പമാക്കുന്നുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം പ്രവണതകൾ സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള ആക്രമണങ്ങൾക്കപ്പുറം അക്രമാസക്തമായ പ്രത്യയശാസ്ത്രം രഹസ്യമായി പ്രചരിപ്പിക്കുക, രാഷ്ട്രീയ-സാമൂഹിക സംവിധാനങ്ങളിൽ സ്വാധീനം നേടുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങളോടെയാണ് തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ തിരുവനന്തപുരത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത സംഭവവും ഈ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഐഎസിൽ ചേരാൻ 16 വയസ്സുകാരനെ പ്രേരിപ്പിച്ചെന്നാരോപിച്ച് അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. 2025 നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
പുറത്തുനിന്നുള്ളവരുടെ സ്വാധീനത്തിൽ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടവരെ കണ്ടെത്തി കൗൺസിലിങ്ങിലൂടെ തിരിച്ചുകൊണ്ടുവരുന്നത് താരതമ്യേന എളുപ്പമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സ്വന്തം മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ വഴി ഇത്തരം ആശയങ്ങളിലേക്ക് നയിക്കപ്പെട്ട യുവാക്കളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് ഏറെ പ്രയാസകരമാണ്. ‘ഹോം റാഡിക്കലൈസേഷൻ’ സുരക്ഷാ സംവിധാനങ്ങൾക്ക് സൃഷ്ടിക്കുന്ന പ്രധാന വെല്ലുവിളി ഇതാണെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.


