...
Home News International വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം; ‘മുള്ളാണി വീടുകളും’ ചൈനയും

വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം; ‘മുള്ളാണി വീടുകളും’ ചൈനയും

വന്‍കിട ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് നടുവിലും ദേശീയ പാതകള്‍ക്ക് നടുവിലും ആയി ഇത്തരത്തില്‍ കുടിയൊഴിഞ്ഞുപോകാന്‍ വിസമ്മതിക്കുന്നവരുടെ വീടുകള്‍, കെട്ടിടങ്ങള്‍ ചൈനയില്‍ ധാരാളമായി കാണാന്‍ കഴിയും.

242

| കെ സഹദേവൻ

വിവിധ രാജ്യങ്ങളിലെ ‘ഭൂമി ഏറ്റെടുക്കല്‍'(Land Aquisition) നിയമങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളാണ് ചൈനയിലെ Nail House-കളെക്കുറിച്ച് അറിയാന്‍ സഹായിച്ചത്. ഏക പാര്‍ട്ടി ഭരണവും സ്വേച്ഛാധിപത്യവും ചൈനയില്‍ കൊടികുത്തി വാഴുമ്പോഴും ചില രസകരമായ സംഗതികള്‍, ജനാധിപത്യ സങ്കല്പങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില നടപടികള്‍, അവിടെ നടക്കുന്നതായി കാണാം.

1989 ജൂണ്‍ 4ന് ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ കശാപ്പുചെയ്യപ്പെട്ട ജനാധിപത്യ മുന്നേറ്റത്തെക്കുറിച്ച് ലോകം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. എങ്കിലും പാശ്ചാത്യ ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ചൈനയിലെ Nail House-കള്‍ ശരിക്കും അത്ഭുതമാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായ് സ്ഥലം വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന വ്യക്തികളെയോ അവരുടെ കെട്ടിടങ്ങളെയോ ആണ് Nail House എന്ന പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ചൈനീസ് പദാവലിയിലേക്ക് പുതു സഹസ്രാബ്ദത്തിന്റെ ആരംഭത്തിലൂടെ കയറിക്കൂടിയതാണ് ‘dingzi hù’ (Nail House) എന്ന വാക്ക്. വന്‍കിട ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് നടുവിലും ദേശീയ പാതകള്‍ക്ക് നടുവിലും ആയി ഇത്തരത്തില്‍ കുടിയൊഴിഞ്ഞുപോകാന്‍ വിസമ്മതിക്കുന്നവരുടെ വീടുകള്‍, കെട്ടിടങ്ങള്‍ ചൈനയില്‍ ധാരാളമായി കാണാന്‍ കഴിയും.

തൊണ്ണൂറുകൾക്ക് ശേഷം ആരംഭിച്ച്, പുതു സഹസ്രാബ്ദത്തോടെ ഇത്തരത്തിൽ വിസമ്മതം രേഖപ്പെടുത്തുന്ന സാധാരണക്കാരുടെ എണ്ണം ചൈനയിൽ വർധിച്ചു വരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരുടെ ഈ വിസമ്മതങ്ങളെ അധികാര രാഷ്ട്രീയമുപയോഗിച്ച് നേരിടാനാകില്ലെന്ന് ചൈനീസ് ഭരണകൂടത്തിന് ബോധ്യമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം കെട്ടിടങ്ങളെ ഒഴിവാക്കിക്കൊണ്ട് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുക എന്നതാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്ന വഴി.

എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘പൊതു ആവശ്യങ്ങള്‍’ക്ക് എന്ന പേരില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുവാനായി നിര്‍മ്മിച്ച ‘Eminent Domain’ നിയമം വഴി, ബലപ്രയോഗത്തിലൂടെ, സ്വകാര്യ വ്യക്തിയില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്ന രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ബ്രിട്ടീഷ് നിയമങ്ങള്‍ അതേരൂപത്തില്‍ ഉപയോഗപ്പെടുത്തുന്ന ഇന്ത്യയും ‘പൊതു ആവശ്യങ്ങളു’ടെ പേരില്‍ ‘എമിനന്റ് ഡൊമൈന്‍’ നിയമം പ്രയോഗിച്ചുകൊണ്ട് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതായി കാണാം.

ഇന്ത്യയില്‍ പൊതു ആവശ്യങ്ങള്‍ എന്നത് അദാനിക്കും അംബാനിക്കും ടാറ്റയ്ക്കും ഒക്കെ വിഭവങ്ങള്‍ കയ്യേറാനുള്ള എളുപ്പവഴിയായി മാറുന്നുവെന്നത് മറ്റൊരു കാര്യം. ഒഡീഷ, ഛത്തീസ്ഗഢ്, ഝാര്‍ഘണ്ഡ്, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മുന്‍തൂക്കമുള്ള പ്രദേശങ്ങളില്‍- PESA, വനാവകാശം എന്നിവ നിലനില്‍ക്കുമ്പോള്‍ തന്നെ Eminent Domain പദവി പ്രഖ്യാപിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുകയാണ് ‘ജനാധിപത്യ സര്‍ക്കാര്‍’ ചെയ്യുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.