കനത്ത മഴയെ തുടർന്ന് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം മന്ദഗതിയിലായ സാഹചര്യത്തിൽ, കശ്മീർ താഴ്‌വരയിൽ കുടുങ്ങിയ 600-ലധികം വിനോദ സഞ്ചാരികളുടെയും മറ്റ് യാത്രക്കാരുടെയും യാത്ര സുഗമമാക്കാൻ വടക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തി.
വ്യാഴാഴ്ച വൈകിട്ട് 5.10ന് ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ബനിഹാളിൽ നിർത്തിയ ശേഷം രാത്രി 8.15ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലെത്തി.
ജമ്മു ഡിവിഷൻ്റെ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഉച്ചിത് സിംഗാളിൻ്റെ നിർദേശപ്രകാരമാണ് പ്രത്യേക സർവീസ് ക്രമീകരിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ദേശീയപാതയിലെ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
കത്രയിലും ജമ്മു തവിയിലും നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളുമായി യാത്രക്കാർക്ക് എളുപ്പത്തിൽ ബന്ധപ്പെടാനാകുന്ന തരത്തിലാണ് പ്രത്യേക സർവീസ് ഒരുക്കിയതെന്നും റെയിൽവേ അറിയിച്ചു.
പ്രതികൂല കാലാവസ്ഥയും ദേശീയപാതയിലെ ഗതാഗതക്കുരുക്കും കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ അടിയന്തര തീരുമാനം എടുത്തതെന്ന് ഉച്ചിത് സിംഗാൾ പറഞ്ഞു.


