...
Home News International ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നു; എഐ ജെമിനിയുടെ പ്രവചനം

ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നു; എഐ ജെമിനിയുടെ പ്രവചനം

നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും കാരണം വംശനാശം ഭീഷണിയായ ജീവികൾ ഏറെ

319

ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനവും കാർബൺ ഡൈഓക്സൈഡും മൂലം വിവിധ ജീവിവർഗ്ഗങ്ങൾക്ക് വംശനാശ ഭീഷണി നേരിടുന്നെന്നത് ശാസ്ത്രലോകം പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്. ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെ പുതിയ പ്രവചനങ്ങൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. അടുത്തകാലത്താണ് എഐ ജെമിനി 2050 ഓടെ നിലനിൽക്കുന്ന ജീവിവർഗ്ഗങ്ങളുടെയും അവ ഇല്ലാതാകുന്ന പ്രവണതകളുടെയും ലിസ്റ്റ് പുറത്ത് വിട്ടത്. ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും കാരണം വംശനാശം ഭീഷണിയായ ജീവികൾ ഏറെയാണ്.

പല കാരണങ്ങളാൽ ഭൂമിയിലെ നിരവധി ജീവികൾക്ക് ഇതിനകം വംശനാശം സംഭവിച്ചു. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ കണക്കനുസരിച്ച് 41,000 ലധികം ഇനം മൃഗങ്ങൾ വംശനാശ ഭീഷണിയിലാണ്. 2050 ഓടെ ഏതൊക്കെ ജീവികൾക്ക് വംശനാശം സംഭവിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്. വർത്തമാനകാല ഭൂതകാല പ്രതിഭാസങ്ങളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉത്തരമെന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

2050 ഓടെ ധ്രുവ കരടികൾ ഭൂമിയിൽ ഉണ്ടാകില്ലെന്നാണ് ഒരു നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനവും ആർട്ടിക് കടലിലെ മഞ്ഞുരുകലും കാരണം അവ വലിയ തോതില്‍ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇത് ധ്രുവ കരടികളുടെ വംശനാശത്തിന് ഇടയാക്കും. വെസ്റ്റേൺ ഗൊറില്ലയാണ് മറ്റൊരു മൃഗം. മരങ്ങൾ അതിവേഗം മുറിക്കപ്പെടുന്നതിനാല്‍ ഈ മൃഗങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഒപ്പം ഇന്നും ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. സുമാത്ര കടുവകളെ കാത്തിരിക്കുന്നതും ഇതേ വിധിയാണ്. സമുദ്ര സസ്തനികളിലാണെങ്കില്‍ അത് വാക്വിറ്റയാണ്. മത്സ്യബന്ധന വലകളിൽ കുടുങ്ങിയാണ് മിക്കപ്പോഴും ഇവയുടെ അന്ത്യം.

കാലാവസ്ഥാ വ്യതിയാനം പക്ഷികളെയും ഏറെ മോശമായി ബാധിക്കുന്നു. പ്രജനന കേന്ദ്രങ്ങളുടെ അഭാവം മൂലം 2050 ഓടെ വംശനാശം സംഭവിച്ചേക്കാവുന്ന പക്ഷിവർഗ്ഗങ്ങളില്‍ പെൻഗ്വിനുകള്‍ ഉൾപ്പെടുന്നു. ഇതിന് പുറമെ, അറ്റ്ലാന്‍റിക്ക് പഫിൻസ്, ന്യൂസിലാന്‍റിലെ കകാപോ പക്ഷി എന്നിവയും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടും. ഉരഗങ്ങളില്‍ ഇതേ വിധി കാത്തിരിക്കുന്നത് കൊമോഡോ ഡ്രാഗൺ, ഗലാപ്പഗോസിലെ ഭീമൻ ആമകൾ, സ്വർണ്ണ തവള എന്നിവയാണെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസായ ജെമിനി പറയുന്നു.

അതേസമയം വേൾഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷന്‍റെ (ഡബ്ല്യുഡബ്ല്യുഎഫ്) 2024 ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് 1970ന് ശേഷം വന്യജീവികളുടെ എണ്ണം 73 ശതമാനം കുറഞ്ഞു. വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.