...
Home News Kerala പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ആളിക്കത്തി പ്രതിഷേധം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിലേക്ക് ഇരച്ചുകയറി

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ആളിക്കത്തി പ്രതിഷേധം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിലേക്ക് ഇരച്ചുകയറി

മംഗലാപുരം ഭാഗങ്ങള്‍ നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നും ആശങ്ക ഉയരുന്നുണ്ട്

4

പാലക്കാട്: മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും ഒഴിവാക്കി മൈസൂരു ഡിവിഷനോടൊപ്പം ചേര്‍ക്കാനുള്ള കേന്ദ്ര റെയില്‍വേ ബോര്‍ഡ് തീരുമാനത്തിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ (ഡി.ആര്‍.എം) ഓഫീസ് ഉപരോധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള തുടര്‍ച്ചയായ അവഗണനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

പോലീസിനെ വെട്ടിച്ച് ഓഫീസിനുള്ളിലേക്ക്

റെയില്‍വേ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെയും ബാരിക്കേഡുകളും മറികടന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആദ്യം ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ശക്തമായ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഡിവൈഎഫ്‌ഐക്ക് പിന്നാലെ സിപിഐഎം പ്രവര്‍ത്തകരും ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. യൂത്ത് കോണ്‍ഗ്രസും ശക്തമായ സമരപരിപാടികളുമായി രംഗത്തുണ്ട്.

പ്രതിഷേധം ശക്തമാക്കി രാഷ്ട്രീയ നേതൃത്വങ്ങള്‍

ദക്ഷിണ റെയില്‍വേയുടെ ഭാഗമായ പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയ നടപടി കേരളത്തിന് വലിയ തിരിച്ചടിയാണെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നേതാക്കൾ വ്യക്തമാക്കി. തീരുമാനം ഏകപക്ഷീയമാണെന്നും അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു.

റെയില്‍വേയുടെ ഈ നടപടി കേരളത്തോടുള്ള അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ അവഗണനയാണെന്ന് പ്രതിപക്ഷ നേതാവും വിമര്‍ശിച്ചു. മംഗലാപുരം ഭാഗങ്ങള്‍ നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.