...
Home News Kerala ശ്രീകുമാരൻ തമ്പി – സച്ചിദാനന്ദൻ: വൈരാഗ്യത്തിന്റെ കഥക്ക് ഒരു വർഷം പഴക്കമുണ്ട്

ശ്രീകുമാരൻ തമ്പി – സച്ചിദാനന്ദൻ: വൈരാഗ്യത്തിന്റെ കഥക്ക് ഒരു വർഷം പഴക്കമുണ്ട്

സനാതന ധര്‍മം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞ് തുടങ്ങി ഹിന്ദു കോൺക്ലേവ് ബഹിഷ്കരിക്കാൻ പോസ്റ്റിട്ട സച്ചിദാനന്ദന് എതിരെയും പേര് പറയാതെ പ്രസംഗത്തിൽ ശ്രീകമാരൻ തമ്പി ആഞ്ഞടിച്ചു.

275

| പ്രമീള ഗോവിന്ദ്

മലയാളികളെ ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് സച്ചി മാഷിന് നന്ദി. അമേരിക്കയിലെ ഹിന്ദു എൻക്ലേവിന്റെ പേരിലുള്ള അവാർഡ് വാങ്ങിയതാണ് സച്ചി മാഷിന് തന്നോടുള്ള വൈരാഗ്യമെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. മുസ്ലിമിന് ജീവിക്കാൻ കഴിയുന്നില്ലെന്ന് കവിതയെഴുതിയ സച്ചിദാനന്ദൻ കുഞ്ഞാലിക്കുട്ടിക്ക് ജീവിക്കാൻ പറ്റുന്നത് കാണുന്നില്ലേ എന്നാണ് തമ്പി സർ ഇപ്പോൾ ചോദിക്കുന്നത്.

കഥയറിയാതെ ആട്ടം കാണരുതല്ലോ. ഈ പറയുന്ന വൈരാഗ്യത്തിന്റെ കഥക്ക് ഒരു വർഷം പഴക്കമുണ്ട്.കേരള ഹിന്ദൂസ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയുടെ ഹിന്ദു കോണ്‍ക്ലേവ് ( January 2023) എന്ന പരിപാടിയില്‍ പങ്കെടുത്ത സംഭവമാണ് ശ്രീകുമാരൻ തമ്പി ഇപ്പോൾ കൊണ്ട് വരുന്നത്. അന്ന് ശ്രീകുമാരൻ തമ്പിയെ ആർഷദര്‍ശന പുരസ്‌കാരത്തിന് തിരെഞ്ഞടുത്തത് പ്രഭാ വർമ്മയും കെ ജയകുമാറും അടങ്ങിയ ജൂറിയാണ്.

സനാതന ധര്‍മം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞ് തുടങ്ങി ഹിന്ദു കോൺക്ലേവ് ബഹിഷ്കരിക്കാൻ പോസ്റ്റിട്ട സച്ചിദാനന്ദന് എതിരെയും പേര് പറയാതെ പ്രസംഗത്തിൽ ശ്രീകമാരൻ തമ്പി ആഞ്ഞടിച്ചു. ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരിക്കണം എന്ന ആഹ്വാനം സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന എല്ലാവരെയും ബഹിഷ്കരിക്കേണ്ടി വരും എന്നും പറഞ്ഞു. (മധുസൂദനൻ നായരും കൈതപ്രവും പങ്കെടുത്ത പരിപാടി ആയിരുന്നു അത്.)

ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി കിട്ടിയ കേരളീയര്‍ ഭാഗ്യവാന്മാരാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. ചുരുക്കത്തിൽ ഒരു വർഷം മുൻപ് നടന്ന സംഭവമാണ് വൈരാഗ്യത്തിന്റെ കാരണം. ( ഒരു വർഷം മുൻപാണോ അക്കാദമി ഈ പാട്ടെഴുതാൻ ഏൽപ്പിച്ചത് ?) ഇതിനപ്പുറം എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പുറത്ത് പറയാത്ത സച്ചി മാഷ് അദ്ദേഹത്തെ കൂടുതൽ നാറ്റിക്കാതെ കാത്തു എന്ന് തന്നെ സംശയിക്കാം.

രോഗം ക്ലിയറാണ്. ആർഷഭാരത തഴമ്പ് നേരത്തെയുള്ളതാണോ കാലഘട്ടം അനുയോജ്യമായപ്പോൾ സൗകര്യാർത്ഥം പുതുതായി ചാപ്പ അടിച്ച് വെച്ചതാണോ എന്നേ അറിയേണ്ടതുള്ളു. ദോഷം പറയരുത്, ഇക്കാര്യത്തിൽ സച്ചി മാഷിനൊപ്പം നിന്നേ മതിയാവു. ജാതിയെയും മതത്തേയും (കുഞ്ഞാലിക്കുട്ടി സ്റ്റേറ്റ്മെന്റ്) വളരെ ഭംഗിയായി അനാവശ്യമായി വലിച്ചിഴച്ചു. പച്ചയായ വർഗ്ഗീയ പരാമർശത്തിലൂടെ ബി ജെ പി – ആർ എസ് എസ് പിന്തുണ ഉറപ്പിക്കലായിരുന്നിരിക്കണം ലക്ഷ്യം.

അതേസമയം അദ്ദേഹത്തിന്റെ പരിമിതികളും മനസ്സിലാക്കാനുള്ള ഉത്തരവാദിത്വം പാട്ടെഴുതാൻ ഏൽപ്പിച്ചവർക്ക് ഉണ്ടാകേണ്ടതായിരുന്നു. ഈ വരികൾ പറ്റില്ല എന്ന് ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് മാറ്റി എഴുതിക്കാൻ ശ്രമിക്കാമായിരുന്നു. അല്ലെങ്കിൽ മറ്റൊരാളെ കൊണ്ട് എഴുതിക്കേണ്ടി വന്നു എന്ന് കൃത്യ സമയത്ത് സാഹചര്യം വ്യക്തമാക്കി അറിയിക്കാമായിരുന്നു. അത് പിഴവ് തന്നെയാണ്.

കേരള ഗാനം വേണമോ വേണ്ടയോ എന്ന ചർച്ച അവിടെ നിൽക്കട്ടെ, പക്ഷെ , ഉറപ്പായും ഈ പാട്ടെങ്ങാനും അക്കാദമിയുടെ ലേബലിൽ പുറത്ത് വന്നിരുന്നങ്കിൽ സച്ചി മാഷും മാഷിനെ അക്കാദമി ഏൽപ്പിച്ച സർക്കാരും വൻ അബദ്ധത്തിൽ ചെന്ന് ചാടിയേനേ.

ചുളളിക്കാട് വിഷയത്തിൽ പക്ഷെ ഈ ന്യായങ്ങൾ ഒന്നും നിലനിൽക്കില്ല. സർക്കാർ സാഹിത്യോത്സവo സംഘടിപ്പിക്കുമ്പോൾ എഴുത്തുകാർക്കിടയിൽ വേർതിരിവ് ഉണ്ടാകാൻ പാടില്ല . പരിമിതികൾ ചുളളിക്കാടിനെ ആദ്യമേ അറിയിക്കാമായിരുന്നു. പെരുമാൾ മുരുകനും പുറത്ത് നിന്നുള്ള മറ്റ് എഴുത്തുകാർക്കും ഒരു നയം ചുള്ളിക്കാടിന് മറ്റൊരു നയം എന്നത് അവഹേളിക്കലാണ്. (ഇപ്പോഴും മനസ്സിലാകാത്തത് സർക്കാർ ഒരു കോടി രൂപ കൊടുത്തു എന്ന് പറയുന്ന പരിപാടി അതിനുള്ളിൽ തീർക്കാവുന്ന രീതിയിൽ ആരേയും അവഹേളിക്കാതെ സംഘടിപ്പിച്ചാൽ പോരായിരുന്നോ എന്നതാണ്.)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.