ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ച റെക്കോർഡ് തുകയായ 92.35 കോടി രൂപയുടെ ബില്ല് പത്ത് പുതിയ സർക്കാർ സ്കൂളുകൾക്ക് നല്‍കാമായിരുന്നുവെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി). കേന്ദ്ര സര്‍ക്കാര്‍ തെറ്റായ മുന്‍ഗണനകളാണ് നൽകുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.
സിജെപിയുടെ രൂക്ഷമായ വിമർശനം
“നിങ്ങളുടെ ആഡംബര വീടുകൾ നന്നാക്കുന്നത് നിർത്തൂ, സ്കൂളുകൾ നന്നാക്കൂ!” മന്ത്രിമാർ താമസിക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ ബംഗ്ലാവുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ചുള്ള വാർത്തയോട് പ്രതികരിച്ചുകൊണ്ട് സിജെപി എക്സിൽ കുറിച്ചു. “92 കോടി രൂപ എന്നാൽ 10 പുതിയ ലോകോത്തര സർക്കാർ സ്കൂളുകളാണ്. പണം ലഭ്യമാണ്, എന്നാൽ അത് സർക്കാർ സ്കൂളുകൾക്കായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യം സർക്കാരിനില്ല,” പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ “കോക്ക്രോച്ച്” പരാമർശത്തോടുള്ള ആക്ഷേപഹാസ്യ പ്രതികരണമായി മെയ് മാസത്തിൽ അഭിജീത് ദിപ്കെ സ്ഥാപിച്ച സിജെപി, തൊഴിലില്ലായ്മയും പരീക്ഷാ ക്രമക്കേടുകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി യുവജന പ്രസ്ഥാനമായി വളർന്നുവരികയാണ്.
ഉയരുന്ന ചെലവുകൾ
ആർടിഐ രേഖകൾ പ്രകാരം, ഡൽഹിയിലെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിനും ഫർണിഷിംഗിനും അറ്റകുറ്റപ്പണികൾക്കുമുള്ള ചെലവ് 2014-15 ലെ 27.47 കോടി രൂപയിൽ നിന്നാണ് 2025-26 ൽ റെക്കോർഡ് 92.35 കോടി രൂപയായി ഉയർന്നത്. വസതികൾ പരിപാലിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) 12 വർഷത്തിനിടെ ആകെ 547.68 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
80 മുതൽ 100 വർഷം വരെ പഴക്കമുള്ള ബംഗ്ലാവുകളിലെ ചോർച്ച, ചിതൽശല്യം, വൈദ്യുതി, പ്ലംബിംഗ് പ്രശ്നങ്ങൾ എന്നിവയാണ് ചെലവ് വർദ്ധിക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. അതേസമയം, മുൻ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിർമ്മാണ വിവാദവുമായി ഈ ചെലവുകളെ താരതമ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാവ് സോമനാഥ് ഭാരതിയും രംഗത്തെത്തിയിട്ടുണ്ട്.


