ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ പുതിയ വഴിതിരിവിൽ. ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങളെ ഇറാൻ്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി ശക്തമായി വിമർശിച്ചു. ഈ ജലപാത വീണ്ടും തുറക്കുമെന്ന അമേരിക്കയുടെ സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള ദൂരം, യുഎസ് തലസ്ഥാനത്തിനും ഹോർമുസ് കടലിടുക്കിനും ഇടയിലുള്ള ദൂരത്തേക്കാൾ വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സംഘർഷങ്ങൾ തുടരുന്നതിനിടയിലാണ് ഈ പ്രതികരണം.
ട്രംപിൻ്റെ അവകാശവാദവും ഇറാൻ്റെ മറുപടിയും
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതുമുതൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമാണെന്ന് കാണിച്ച് ട്രംപ് സോഷ്യൽ മീഡിയയിലൂടെ ഭൂപടം പങ്കുവെച്ചിരുന്നു. എന്നാൽ പേർഷ്യൻ ഗൾഫിലെ ‘അമേരിക്കൻ- പോസ്റ്റ് ഓർഡർ’ കാലഘട്ടത്തിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് മൊഹ്സെൻ റെസായി ഇത് പരിഹസിച്ച് തള്ളി. ജലപാത ഒരു പുതിയ യുഎസ് പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
ഇറാന്റെ വ്യവസ്ഥകളും ഖത്തറിൻ്റെ മധ്യസ്ഥതയും
ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഫെബ്രുവരിയിലെ യുദ്ധത്തിനുശേഷം ഇറാൻ തടഞ്ഞിരിക്കുകയാണ്. അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജലപാത തുറക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്. ഇറാനിയൻ തുറമുഖങ്ങളുടെയും എണ്ണയുടെയും മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ നൽകുക, യുദ്ധനഷ്ടത്തിന് പരിഹാരം കാണുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
അതിനിടയിൽ, പ്രശ്നപരിഹാരത്തിനായി ഖത്തർ രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ കരാർ മേഖലയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും ഖത്തർ കരുതുന്നു.


