ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്കുലര്‍ പദങ്ങള്‍ നീക്കണമെന്ന നിലപാടില്‍ നിന്നും പിന്നോക്കം പോയി കേന്ദ്ര സര്‍ക്കാര്‍. ആമുഖം പരിഷ്കരിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് നിയമമന്ത്രി അര്ജുന് റാം മേഘ്വാള് രാജ്യസഭയില്‍ രേഖാമൂലം മറുപടി നല്കി. രാജ്യമാകെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതില്‍ നിന്നും താത്ക്കാലികമായ പിന്‍വാങ്ങല്‍.
അടിയന്തര അവസ്ഥയുടെ 50ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഭരണഘടനയുടെ ആമുഖം ആര്‍എസ്എസ് വീണ്ടും സജീവ ചര്‍ച്ചയാക്കിയത്. സോഷ്യലിസ്റ്റ്, സെക്കുലര്‍ പദങ്ങള്‍ അടിയന്തര അവസ്ഥാ കാലത്ത് കോണ്‍ഗ്രസ് ഏഴുതി ചേര്‍ത്തതാണെന്നും ബിആര്‍ അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയില്‍ ഈ വാക്കുകള്‍ ഇല്ലെന്നുമായിരുന്നു ആര്‍എസ്എസ് വാദം.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന് ഉള്‍പ്പെടെ നേതാക്കള്‍ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ വന്‍ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായി.
ആര്‍എസ്എസിൻ്റ ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതോടെ വിഷയം രാജ്യമാകെ ചര്‍ച്ച ചെയ്യുകയും ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെയാണ് താത്ക്കാലികമായി വിഷയത്തില്‍ നിന്നും പിന്‍വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
സമാജ്വാദി പാര്‍ട്ടി എംപി രാംജി ലാല്‍ സുമന് ആണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. നിലവില്‍ ആമുഖത്തില്‍ നിന്ന് ഈ വാക്കുകള്‍ പുനഃപരിശോധിക്കാനോ നീക്കം ചെയ്യാനോ ഉദ്ദേശ്യമില്ലെന്ന് നിയമമന്ത്രി അര്ജുന് റാം മേഘ്വാള് രേഖാമൂലം മറുപടി നല്കി. അത്തരമൊരു ഭരണഘടനാ ഭേദഗതിക്ക് രാഷ്ട്രീയ സമവായവും വിശദമായ ചര്‍ച്ചയും ആവശ്യമാണെന്നും നിലവില്‍ അത്തരമൊരു പ്രക്രിയ ആരംഭിച്ചിട്ടില്ലെ എന്നുമായിരുന്നു മറുപടി.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



