...
Home News National ‘ഒരു ടെൻഷനും വേണ്ട, സിമ്പിളായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് നേടാം’; വിജയ രഹസ്യം വെളിപ്പെടുത്തി ഒന്നാം...

‘ഒരു ടെൻഷനും വേണ്ട, സിമ്പിളായി പഠിച്ചാല്‍ സിവില്‍ സര്‍വീസ് നേടാം’; വിജയ രഹസ്യം വെളിപ്പെടുത്തി ഒന്നാം റാങ്കുകാരി

ഇത്തവണ 9,92,599 ഉദ്യോഗാർത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിച്ചത്. അതിൽ 5,83,213 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി

183

രാജ്യത്തെ 5.83 ലക്ഷം ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളി ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നുള്ള ശക്തി ദുബേയാണ്. അഞ്ച് വര്‍ഷം നീണ്ട അശ്രാന്ത പരിശ്രമത്തിന് ഒടുവിലാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കെന്ന അസുലഭ നേട്ടം ശക്തി ദുബേ സ്വന്തമാക്കിയത്. ഫലം കണ്ട തനിക്ക് ആദ്യം അവിശ്വസനീയമായി തോന്നിയെന്ന് ശക്തി ദുബെ പറഞ്ഞു.

ഇടിവി ഭാരത് ന്യൂഡല്‍ഹി പ്രതിനിധി അശുതോഷ് ഝാ ശക്തി ദുബേയുമായി നടത്തിയ പ്രത്യേക അഭിമുഖം ഇങ്ങനെയാണ്.

“ഏത് സമയവും റിസള്‍ട്ട് വരുമെന്നറിയാമായിരുന്നു. രാവിലെ മുതല്‍ ഫോണ്‍ നോക്കി കൊണ്ടിരിക്കുകയായിരുന്നു. ടെലഗ്രാമില്‍ ഫലം വന്നു. പിഡിഎഫ് അപ്ലോഡ് ചെയ്‌തു. ഒന്നാം റാങ്കാണെന്ന് കണ്ട് കുറച്ച് നേരത്തേക്ക് വിശ്വാസം വന്നില്ല. പിന്നെ വീട്ടില്‍ നിന്ന് അമ്മയുടെ കോള്‍ വന്നു. പരിശീലനം തേടിയ വാജിറാം ആന്‍ഡ് രവിയില്‍ നിന്നും കോള്‍ വന്നു. അപ്പോഴാണ് ഇത് ഫേക്കല്ല എന്ന് മനസിലായത്. ഈയൊരു നേട്ടത്തിന് പിന്നില്‍ ആറ് വര്‍ഷത്തെ പരിശ്രമമുണ്ട്. ഇത് അഞ്ചാമത്തെ ശ്രമമാണ്. ആദ്യ മൂന്ന് ശ്രമത്തിലും പ്രിലിം കടക്കാനായില്ല. നാലാമത്തെ ശ്രമത്തില്‍ ഇന്‍റര്‍വ്യൂവരെ എത്തി. പക്ഷേ, പുറന്തള്ളപ്പെട്ടു പോയി. ഇത്തവണ ഒന്നാം റാങ്ക് ലഭിച്ചു.

“സിവില്‍ സര്‍വീസ് മറ്റേതൊരു പരീക്ഷയും പോലെ തന്നെയാണ്. ഒന്നുരണ്ട് വര്‍ഷം സീരിയസായി പഠിച്ചാല്‍ നേടിയെടുക്കാൻ ആവുന്നതേയുള്ളൂ. ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും മുതല്‍ പഠിക്കേണ്ടതൊന്നുമില്ല. സ്‌കൂളിലും കോളജിലും നിന്ന് കുട്ടികള്‍ക്ക് സ്വയം വളരാനുള്ള അവസരങ്ങളാണ് ലഭിക്കേണ്ടത്. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ക്ക് ഒരുപാട് അറിവ് നേടാനുണ്ട്. അതിലാണ് അവര്‍ ശ്രദ്ധിക്കേണ്ടത്. ബിരുദം കഴിഞ്ഞ് മാത്രം സിവില്‍ സര്‍വീസിന് വേണ്ടി ഒരുങ്ങിയാല്‍ മതിയാവും.” – അവർ പറഞ്ഞു.

“അലഹാബാദ് യൂണിവേഴ്‌സിറ്റിയിലാണ് ബിരുദം നേടിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നാണ് പിജി നേടിയത്. 2018-ലാണ് യുപിഎസ്‌സിക്ക് പഠിക്കാന്‍ ഡല്‍ഹിയിൽ എത്തിയത്. ബയോ കെമിസ്ട്രിയിലായിരുന്നു പഠനം. ആ വിഷയം യുപിഎസ്‌സിയില്‍ ഓപ്ഷനലായി ലഭ്യമായിരുന്നില്ല. പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് തെരഞ്ഞെടുത്തു. ലൈഫ് സയന്‍സ് ലഭ്യമായിരുന്നില്ല.” -ദുബേ പറഞ്ഞു.

“ബോധപൂര്‍വ്വം മറ്റു വിഷയങ്ങള്‍ തെരഞ്ഞെടുക്കുക ആയിരുന്നു. മാതാപിതാക്കള്‍ പിന്തുണച്ചിരുന്നു. അഞ്ച് വര്‍ഷമായി അവരെല്ലാം കൊതിച്ചിരിക്കുകയായിരുന്നു. എത്ര നേരം പഠിക്കുന്നുവെന്നല്ല എങ്ങിനെ പഠിക്കുന്നുവെന്നതാണ് പ്രധാനം. സമര്‍പ്പണത്തോടെ പഠിക്കണം. ചുരുങ്ങിയത് എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ പഠിച്ചിരുന്നു. യുപിഎസ്‌സിയുടെ സിലബസ് കൃത്യമായി പിന്തുടരണം. ഏതൊക്കെ കണ്ടന്‍റാണ് വേണ്ടതെന്ന് മനസിലാക്കാന്‍ ഇതാവശ്യമാണ്. ബേസിക്‌സ് നന്നായി മനസിലാക്കി പഠിക്കണം. മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം.” -ശക്തി ദുബേ പറഞ്ഞു.

അതേസമയം, ഇത്തവണ 9,92,599 ഉദ്യോഗാർത്ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിച്ചത്. അതിൽ 5,83,213 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതി. 2024 സെപ്റ്റംബറിൽ നടന്ന എഴുത്ത് (മെയിൻ) പരീക്ഷയിൽ പങ്കെടുക്കാൻ ആകെ 14,627 ഉദ്യോഗാർഥികൾ യോഗ്യത നേടി.

ഇതിൽ 2,845 ഉദ്യോഗാർത്ഥികൾ വ്യക്തിത്വ പരിശോധനയ്‌ക്കും അഭിമുഖത്തിനും യോഗ്യത നേടി. അവരില്‍ നിന്നാണ് ശക്തി ദുബേ ഒന്നാം റാങ്കിലെത്തിയത്. ഏതൊരു ലക്ഷ്യവും ആഗ്രഹവും കഠിനപ്രയത്‌നത്തിലൂടെ നേടിയെടുക്കാമെന്നാണ് ദുബേ നല്‍കുന്ന സന്ദേശം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.