എനർജി ഡ്രിങ്കുകളും കഫീൻ ഉൾപ്പെടെയുള്ള ഉത്തേജക ഘടകങ്ങൾ അടങ്ങിയ സപ്ലിമെന്റുകളും ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പുതിയ പഠനം. ഹൃദയസ്തംഭനം, ഹൃദയാഘാതം, അസാധാരണമായ ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങളുമായി ഇത്തരം ഉൽപ്പന്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) പഠനത്തിലെ കണ്ടെത്തൽ. പ്രത്യേകിച്ച് യുവാക്കളിലാണ് കൂടുതൽ ജാഗ്രത വേണ്ടതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
2026 നവംബർ 6 മുതൽ 9 വരെ ഷിക്കാഗോയിൽ നടക്കുന്ന എഎച്ച്എ സയന്റിഫിക് സെഷൻസിൽ അവതരിപ്പിക്കാനിരിക്കുന്ന പഠനത്തിൽ, അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) ലഭിച്ച 28,000ത്തിലധികം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ റിപ്പോർട്ടുകളാണ് പരിശോധിച്ചത്. കഫീനും മറ്റ് ഉത്തേജക ഘടകങ്ങളും അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവരുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ, ഇത്തരം ഘടകങ്ങളില്ലാത്ത ഉൽപ്പന്നങ്ങളുടേതിനെ അപേക്ഷിച്ച് ഹൃദയസ്തംഭനം ഏകദേശം 11 മടങ്ങ് കൂടുതലായി രേഖപ്പെടുത്തിയതായി പഠനം പറയുന്നു. ഹൃദയാഘാത റിപ്പോർട്ടുകൾ 4.5 മടങ്ങും അസാധാരണമായ ഹൃദയമിടിപ്പും ഹൃദയമിടിപ്പ് കൂടുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നാലുമടങ്ങും കൂടുതലായിരുന്നു.
ഹൃദയമിടിപ്പ് വർധിക്കുക, നെഞ്ചുവേദന, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങളും ഉത്തേജക പദാർഥങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചവരുടെ റിപ്പോർട്ടുകളിൽ കൂടുതലായി കണ്ടെത്തി. ഇത്തരം ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ റിപ്പോർട്ടുകളിൽ ഏകദേശം 45 ശതമാനവും 18നും 34നും ഇടയിൽ പ്രായമുള്ളവരിലാണ്. എന്നാൽ, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തവരുടെ എണ്ണം പഠനത്തിലൂടെ കണ്ടെത്താനായിട്ടില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കഫീൻ, മെഥൈൽസാന്തീൻ, ഗ്വാറാന, യെർബ മേറ്റെ, സിനെഫ്രിൻ, യോഹിംബിൻ തുടങ്ങിയവയാണ് പഠനത്തിൽ പരിശോധിച്ച ഉത്തേജക ഘടകങ്ങൾ. ശീതളപാനീയങ്ങൾ, ഭക്ഷണത്തിന് പകരമായി ഉപയോഗിക്കുന്ന ഷേക്കുകൾ, പ്രോട്ടീൻ ബാറുകൾ, സ്മൂത്തികൾ, വിറ്റാമിൻ സപ്ലിമെന്റുകൾ തുടങ്ങിയവയിലൂടെയാണ് ഇവ ശരീരത്തിലെത്തുന്നത്.
കഫീന്റെ അളവും ഹൃദയാരോഗ്യവും
ഉയർന്ന അളവിൽ കഫീൻ ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിന് നേരത്തെയും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പഠനത്തിൽ പങ്കാളിയല്ലാത്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. കോളിൻ കെയ്ൻ പറഞ്ഞു. ഹൃദ്രോഗമുള്ളവർക്കു മാത്രമല്ല, ആരോഗ്യവാന്മാരെന്ന് കരുതുന്നവർക്കുപോലും അമിതമായ കഫീൻ ഉപയോഗം അപകടമുണ്ടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
2026ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ശാസ്ത്രീയ പ്രസ്താവന പ്രകാരം, മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ ചില എനർജി ഡ്രിങ്കുകളിൽ ഒരേ അളവിലുള്ള സാധാരണ കാപ്പിയേക്കാൾ മൂന്നിരട്ടി വരെ കഫീൻ അടങ്ങിയിരിക്കാമെന്ന് പഠനത്തിന്റെ മുതിർന്ന രചയിതാവും കാർഡിയോതൊറാസിക് അനസ്തേഷ്യോളജിസ്റ്റുമായ ഡോ. പമേല ബെനാവിഡസ് പറഞ്ഞു. വ്യായാമത്തിന് മുമ്പ് ഉപയോഗിക്കുന്ന ചില സപ്ലിമെന്റുകളിൽ കാപ്പിയേക്കാൾ 12 മടങ്ങിലധികം കഫീൻ ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി.
കഫീനു പുറമെ സിനെഫ്രിൻ, യോഹിംബിൻ, മെഥൈൽഹെക്സാനമിൻ തുടങ്ങിയ ഉത്തേജക ഘടകങ്ങളും ഇത്തരം ഉൽപ്പന്നങ്ങളിൽ ഉൾപ്പെടാറുണ്ട്. ഇവ കഫീനുമായി ചേർന്ന് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് പൂർണമായി വ്യക്തമായിട്ടില്ലെന്നും പ്രത്യേകിച്ച് യുവാക്കളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും ബെനാവിഡസ് പറഞ്ഞു.
നെഞ്ചുവേദന, ഹൃദയമിടിപ്പ് കൂടുക, ക്രമരഹിതമായ ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്തോ അതിനു ശേഷമോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഗവേഷകർ നിർദേശിക്കുന്നു. ഹൃദ്രോഗമുള്ളവർ, കുടുംബത്തിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ചരിത്രമുള്ളവർ, ഹൃദയമിടിപ്പിനെ ബാധിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ എന്നിവർ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണമെന്നും മുന്നറിയിപ്പുണ്ട്.
പഠനത്തിന് പരിമിതികളുണ്ടെന്ന് വിദഗ്ധർ
പഠനത്തിന്റെ കണ്ടെത്തലുകൾ പ്രാഥമികമാണെന്നും പൂർണമായ പിയർ റിവ്യൂഡ് ഗവേഷണപ്രബന്ധമായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കുന്നു. നിരീക്ഷണാടിസ്ഥാനത്തിലുള്ള പഠനമായതിനാൽ ഉത്തേജക പദാർഥങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങളാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഉറപ്പിച്ചു പറയാനാവില്ല. എഫ്ഡിഎയ്ക്ക് ലഭിച്ച റിപ്പോർട്ടുകൾ സ്വമേധയാ സമർപ്പിക്കപ്പെട്ടവയായതിനാൽ അവയിൽ അപൂർണവും പൊരുത്തക്കേടുള്ളതുമായ വിവരങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചത്, കഠിനമായ വ്യായാമം, തിരിച്ചറിയപ്പെടാത്ത ഹൃദ്രോഗങ്ങൾ തുടങ്ങിയ ഘടകങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 11 മടങ്ങ് കൂടുതലാണെന്ന കണ്ടെത്തൽ, ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് ഹൃദയസ്തംഭന സാധ്യത 11 മടങ്ങാണെന്ന് അർഥമാക്കുന്നില്ലെന്ന് കൗൺസിൽ ഫോർ റെസ്പോൺസിബിൾ ന്യൂട്രീഷന്റെ ചീഫ് സയൻസ് ഓഫീസർ ആൻഡ്രിയ വോങ് വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ എത്രപേർ ഉപയോഗിച്ചു, എത്ര അളവിൽ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ പഠനത്തിൽ ലഭ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, മിതമായ അളവിൽ കഫീൻ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് അമേരിക്കൻ എഫ്ഡിഎ, ഹെൽത്ത് കാനഡ, യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി തുടങ്ങിയ ഏജൻസികൾ അംഗീകരിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ബിവറേജ് അസോസിയേഷൻ പ്രതികരിച്ചു. എനർജി ഡ്രിങ്കുകളിൽ കോഫി ഷോപ്പുകളിൽ ലഭിക്കുന്ന കാപ്പിയേക്കാൾ കുറഞ്ഞ കഫീനാണുള്ളതെന്നും മറ്റ് ചേരുവകൾ കഫീനുമായി ചേർന്ന് ദോഷകരമായി പ്രവർത്തിക്കുന്നതായി ഒരു നിയന്ത്രണ ഏജൻസിയും കണ്ടെത്തിയിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.


