...
Home News Kerala വൈക്കം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സണ്ണി എം കപിക്കാട്? ; പ്രചാരണത്തിന്റെ പിന്നിൽ

വൈക്കം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി സണ്ണി എം കപിക്കാട്? ; പ്രചാരണത്തിന്റെ പിന്നിൽ

സുനിൽ കനഗോലു തയ്യാറാക്കിയ റിപ്പോർട്ടിൽ യുഡിഎഫിന് വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലൊന്നായി വൈക്കത്തെ വിലയിരുത്തിയിരുന്നു. അത്തരം മണ്ഡലങ്ങളിൽ പൊതുസ്വീകാര്യതയുള്ള വ്യക്തികളെ സ്ഥാനാർഥിയാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

355

വൈക്കത്ത് ദളിത് ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സണ്ണി എം കപിക്കാട് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്ത പുറത്ത് വന്നിട്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇതുവരെ സണ്ണിയോ യുഡിഎഫ് നേതൃത്വമോ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും, സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ യുഡിഎഫ് നേതൃത്വം നടത്തിയതായി സൂചനകളുണ്ട്.

സണ്ണിയുടെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശക്തമായ പിന്തുണ ഉയരുന്നുവെന്ന് ദളിത് സംഘടനാ നേതാക്കൾ പ്രതികരിച്ചു. ദളിത് എഴുത്തുകാരൻ കെ.കെ. ബാബുരാജ് സാമൂഹ്യമാധ്യമങ്ങളിലൂടെ സണ്ണിയുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തതോടെയാണ് ഈ വിഷയത്തിൽ ചർച്ചകൾ കൂടുതൽ സജീവമായത്.

കോൺഗ്രസിന്റെ ഉന്നത നേതാവാണ് സണ്ണിയുമായി ബന്ധപ്പെട്ട സ്ഥാനാർഥി ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഈ മാസം 22ന് നടക്കുന്ന അവസാനഘട്ട കൂടിക്കാഴ്ചയ്ക്കുശേഷം വൈക്കം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി സണ്ണി എം കപിക്കാടിന്റെ പേര് പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. നേരത്തെ കോട്ടയം ജില്ലാ കമ്മിറ്റി വൈക്കം മണ്ഡലത്തിനായി ചില കോൺഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസിക്ക് കൈമാറിയിരുന്നെങ്കിലും, അവർക്കൊന്നും മണ്ഡലത്തിൽ വേണ്ടത്ര സ്വീകാര്യത ഇല്ലെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.

ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇടപെട്ടതെന്നാണ് വിവരം. സുനിൽ കനഗോലു തയ്യാറാക്കിയ റിപ്പോർട്ടിൽ യുഡിഎഫിന് വിജയ സാധ്യത കുറഞ്ഞ മണ്ഡലങ്ങളിലൊന്നായി വൈക്കത്തെ വിലയിരുത്തിയിരുന്നു. അത്തരം മണ്ഡലങ്ങളിൽ പൊതുസ്വീകാര്യതയുള്ള വ്യക്തികളെ സ്ഥാനാർഥിയാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.

ടെലിവിഷൻ ചാനൽ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമായ സണ്ണി എം കപിക്കാട്, വിഷയങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുന്ന വ്യക്തിയെന്ന നിലയിൽ കേരളത്തിലെ പൊതുസമൂഹത്തിനിടയിൽ സ്വീകാര്യത നേടിയിട്ടുണ്ടെന്നതും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.