...
Home News National വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് സുപ്രീം കോടതി

വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരായ അന്വേഷണം അവസാനിപ്പിച്ച് സുപ്രീം കോടതി

പരാമര്‍ശം വിവാദമാകുകയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്‌തു

331

ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടി ജഡ്‌ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം സുപ്രീം കോടതി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.

രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിൻ്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ജഡ്‌ജിമാര്‍ക്കെതിരെ നടപടിയെടുക്കാനുളള അധികാരം രാജ്യസഭാ ചെയര്‍മാനും പാര്‍ലമെന്റിനും മാത്രമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് കത്ത് അയക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷത്തിൻ്റെ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം എന്നായിരുന്നു എസ്.കെ യാദവിൻ്റെ പ്രസ്താവന.

പരാമര്‍ശം വിവാദമാകുകയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്‌തു. എസ്.കെ യാദവിനെ കൊളീജിയം വിളിച്ചുവരുത്തി വിശദീകരണവും തേടി. പരസ്യക്ഷമാപണം നടത്താമെന്ന് ശേഖര്‍ യാദവ് ഉറപ്പു നല്‍കിയെങ്കിലും പാലിച്ചിട്ടില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിൻ്റെ നേതൃത്വത്തില്‍ ആഭ്യന്തര സമിതി രൂപീകരിക്കാനുളള ശ്രമവും ആരംഭിക്കുന്നതിന് ഇടെയാണ് അന്വേഷണം തടഞ്ഞ് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിൻ്റെ ഇടപെടല്‍. വിഷയം പാര്‍ലമെന്റിൻ്റെയും പ്രസിഡന്റിൻ്റെയും അധികാര പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രീം കോടതിക്ക് കത്തയച്ചു.

എസ്.കെ യാദവിനെതിരെ 55 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇതോടെ അന്വേഷണം സുപ്രീം കോടതി അവസാനിപ്പിച്ചതോടെ, ജഡ്‌ജിയുടെ ഇംപീച്ച്‌മെന്റ് നടപടി രാജ്യസഭയില്‍ നിന്നുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിച്ചെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ അനുവദിച്ചില്ല.

ജസ്റ്റിസ് എസ്.കെ യാദവിന് സുരക്ഷാകവചം ഒരുക്കുകയാണ് രാജ്യസഭാ ചെയര്‍മാന്‍ എന്ന ആരോപണവും ഇതോടെ ശക്തമായി. വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ യാദവിനെതിരായ ഇംപീച്ച്‌മെന്റ് നടപടി രാജ്യസഭയില്‍ ആരംഭിക്കും എന്നാണ് സൂചന.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.