ന്യൂഡല്‍ഹി: പള്ളിത്തർക്ക കേസിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. തർക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണനിർവഹണം ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദേശം.
സെമിത്തേരി, സ്‌കൂളുകൾ, ആശുപത്രികൾ അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മലങ്കര സഭക്ക് കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ച് വേണം ഭരണം നടത്തേണ്ടതെന്ന 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസ് രണ്ടാഴ്‌ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്‌നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാൻ ആണ് കോടതി താൽപര്യപ്പെടുന്നത്. സർക്കാർ ഇടപെടൽ അവസാന മാർഗമാണെന്നും കോടതി പറഞ്ഞു.
ഭരണകൂടത്തിൻ്റെ ഇടപെടൽ അവസാന ആശ്രയമായിരിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു. മതപരമായ പ്രശ്‌നങ്ങളിൽ ഇടപെടാൻ ഭരണകൂടത്തെ നിർബന്ധിക്കേണ്ട സാഹചര്യത്തിലേക്കാണ് തങ്ങൾ എത്തുന്നതെന്ന് കേസ് പരിഗണിച്ച് സുപ്രിംകോടതി പറഞ്ഞു. സർക്കാരിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് സർക്കാരിന് എതിരെ മറുഭാഗം കോടതിയിൽ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഇല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്‌ചക്കകം സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്‌തുമസ് ആഘോഷിക്കാനാകും എന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഹൈക്കോടതിയിൽ ഹാജരാകുന്നതിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുള്ള ഇളവ് തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



