...
Home News Kerala ‘കരഞ്ഞു കൊണ്ടാണ് അതിജീവിത പുറത്തുവന്നത്’: പോലീസ് കമ്മീഷണര്‍

‘കരഞ്ഞു കൊണ്ടാണ് അതിജീവിത പുറത്തുവന്നത്’: പോലീസ് കമ്മീഷണര്‍

വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി

254

സംവിധായകന്‍ രഞ്ജിത്തില്‍ നിന്നും ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് ദുരനുഭവം ഉണ്ടായതെന്ന് എറണാകുളം കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെ ഉണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. മാനസികമായി തകര്‍ന്ന നിലയിലാണ് പരാതിക്കാരിയെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.

‘ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് സംഭവം നടന്നത്. അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയും. അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെ ഉണ്ടായിരുന്നവരോട് കാര്യം പറഞ്ഞു. അവരാണ് സമാധാനപ്പെടുത്തി വിട്ടത്. അതിജീവിത മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. ഷോക്കായിരുന്നു. കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്. കരഞ്ഞു കൊണ്ടാണ് ഇവിടെ വന്നത്. വലിയ ആളാണ് എതിരെ നില്‍ക്കുന്നത് എന്നതായിരുന്നു പെണ്‍കുട്ടിക്ക് മുന്നിലുള്ള വെല്ലുവിളി’, -കാളിരാജ് മഹേഷ് കുമാര്‍ വിശദീകരിച്ചു.

നേരത്തെയും ഇത്തരം രണ്ട് കേസുകള്‍ പ്രതിക്കെതിരെ ഉണ്ടായിരുന്നു. രണ്ട് ദിവസമായി പ്രതിയെ പിന്തുടരുന്നുണ്ടായിരുന്നു. സെന്‍സിറ്റീവ് ആയ കേസ് ആയതിനാല്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിച്ചു വരികയാണെന്നും സ്ത്രീകള്‍ക്ക് നേരെ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകരുത്. പ്രത്യേകിച്ചും ജോലി സ്ഥലത്തെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. നടി ഐസിസിക്ക് പരാതിപ്പെട്ടോ എന്നതടക്കം രഹസ്യാത്മകതയാണ്. തെളിവ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യാനുസരണം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ചൊവാഴ്‌ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തു വെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്.

രഞ്ജിത്തിൻ്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടി പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.