...
Home News Kerala സുരേഷ് ഗോപിയോട് വളരെ കൃത്യമായ ചോദ്യമാണ് സൂര്യ സുജി ചോദിച്ചത്

സുരേഷ് ഗോപിയോട് വളരെ കൃത്യമായ ചോദ്യമാണ് സൂര്യ സുജി ചോദിച്ചത്

ഒരു മാധ്യമ പ്രവർത്തകയോട് മുമ്പ് ചെയ്ത വൃത്തികേടിനെ, അയാൾ തന്നെ മാപ്പ് പറഞ്ഞ വൃത്തികേടിനെ ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് അയാൾ മനോരമ റിപ്പോർട്ടറുടെ തോളിൽ കൈവെച്ചത്, അതൊരു സ്നേഹപ്രകടനമായിരുന്നില്ല, ഒരു ന്യായീകരണ ഡ്രാമയായിരുന്നു.

552

| ബഷീർ വള്ളിക്കുന്ന്

സൂര്യ സുജിയെ അഭിനന്ദിക്കുന്നു. റിപ്പോർട്ടർ ചാനലിന്റെ തൃശൂർ റിപ്പോർട്ടർ. സുരേഷ് ഗോപിയോട് വളരെ കൃത്യമായ ചോദ്യമാണ് സൂര്യ സുജി ചോദിച്ചത്. ആ ചോദ്യത്തിന് ഒരു കാരണവുമുണ്ടായിരുന്നു. വെറുതേ ചോദിച്ച ഒരു ചോദ്യമായിരുന്നില്ല അത്. ആ ചോദ്യത്തിലേക്ക് നയിച്ച ഒരു കാരണം അവിടെയുണ്ടായിരുന്നു.

സുരേഷ്‌ ഗോപിക്ക് കൈ വെക്കാൻ തോള് താഴ്ത്തിക്കൊടുത്ത് ഇളിച്ചോണ്ടു നില്ക്കുന്ന ആ മനോരമ റിപ്പോർട്ടറെ കണ്ടില്ലേ, നമ്മളെല്ലാവരും സൗഹൃദമുള്ളവരുടെ തോളിൽ കൈവെക്കാറുണ്ട്, പക്ഷേ ഇവിടെ തോളിൽ കൈവെച്ചത് മുമ്പ് മാപ്പ് പറഞ്ഞ സംഭവത്തെയും ആ സംഭവത്തിലെ മാധ്യമ പ്രവർത്തകയെയും വീണ്ടും അപമാനിക്കുന്നതിനു വേദിയൊരുക്കാനാണ്, മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു കൈവെക്കൽ ഡ്രാമയാണതെന്ന് തോന്നുന്നു.

അങ്ങിനെ കൈവെച്ച ശേഷം കൂട്ടത്തിലുള്ള സൂര്യ സുജിയോട് സുരേഷ് ഗോപി ചോദിക്കുന്നു, ഇതിൽ കുഴപ്പമുണ്ടോ എന്ന്, എന്തൊരു വഷളൻ ചോദ്യമാണെന്ന് നോക്കൂ.. ആ ചോദ്യത്തോടാണ് സൂര്യ പ്രതികരിച്ചത്. നിങ്ങൾ തന്നെ മാപ്പ് പറഞ്ഞ ആ സംഭവത്തെ നിങ്ങൾ വീണ്ടും ന്യായീകരിക്കുകയാണോ എന്ന്. ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്റെ സഹപ്രവർത്തക നേരിട്ട അപമാനം എനിക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് വിശദീകരിച്ചു കൊണ്ടാണ് സൂര്യ പ്രതികരിക്കുന്നത്.

ഒരു മാധ്യമ പ്രവർത്തകയോട് മുമ്പ് ചെയ്ത വൃത്തികേടിനെ, അയാൾ തന്നെ മാപ്പ് പറഞ്ഞ വൃത്തികേടിനെ ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് അയാൾ മനോരമ റിപ്പോർട്ടറുടെ തോളിൽ കൈവെച്ചത്, അതൊരു സ്നേഹപ്രകടനമായിരുന്നില്ല, ഒരു ന്യായീകരണ ഡ്രാമയായിരുന്നു. അവിടെയുണ്ടായിരുന്ന പുരുഷ കേസരികളൊക്കെ യെസ് സാർ എന്ന് പറഞ്ഞു ആ ഡ്രാമയെ എൻഡോർസ് ചെയ്തപ്പോൾ കൃത്യമായ ശബ്ദമുയർത്തിയത് സൂര്യ സുജി മാത്രം.

കഴിഞ്ഞ ദിവസം ചാവക്കാട്ട് വെച്ച് ഇതേ സൂര്യ സുജിയോടാണ് “എന്നെ തൊട്ടാൽ കേസ് കൊടുക്കുമെന്ന്” സുരേഷ് ഗോപി പരിഹസിച്ചത് എന്ന് കൂടി ഓർക്കണം. അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ സൂര്യ അത് പറയുന്നുണ്ട്.

“എന്ത് കോടതിയെന്ന് ചോദിച്ചു” എന്ന് പറഞ്ഞു കൊണ്ട് അവളുടെ വാചകം മുഴുവുപ്പിക്കാൻ സമ്മതിക്കാതെ അലറുകയാണ് സുരേഷ് ഗോപി ചെയ്തത്, ഞാൻ സംസാരിക്കണമെങ്കിൽ അവളോട് പിന്നോട്ട് പോകാൻ പറയൂ എന്ന് ആജ്ഞാപിക്കുകയാണ് അയാൾ ചെയ്തത്, അപ്പോഴും ഇളിച്ചോണ്ട് നിന്ന ആ മാധ്യമപ്രവർത്തകരുണ്ടല്ലോ, അവരോട് ചോദിക്കേണ്ട ചോദ്യം തന്നെയാണ് കഴിഞ്ഞ ദിവസം എം സി ദത്തൻ ചോദിച്ചത് എന്ന് ഇപ്പോൾ തോന്നുന്നു, “നിനക്കൊക്കെ തെണ്ടാൻ പൊയ്ക്കൂടേ” എന്ന്. സൂര്യ സുജിയെ അഭിനന്ദിക്കുന്നു. കൂട്ടത്തിലുള്ള കിഴങ്ങന്മാർ എല്ലാവരും മൈക്ക് നീട്ടി യെസ് സാർ, യെസ് സർ എന്ന് പറഞ്ഞു ഇളിച്ചോണ്ടിരുന്നപ്പോൾ കാമ്പുള്ള ചോദ്യം നിവർന്ന് നിന്ന് ചോദിച്ചതിന്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.