കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാനികൾ അതിവേഗം ഉരുകുന്ന സാഹചര്യത്തിൽ, അവയെ സംരക്ഷിക്കാൻ പുതിയ മാർഗവുമായി സ്വിറ്റ്സർലൻഡിലെ ശാസ്ത്രജ്ഞർ. ഹിമാനികൾക്ക് മുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾക്ക് പകരം ആടുകളുടെ കമ്പിളി ഉപയോഗിച്ചുള്ള പുതപ്പുകളാണ് പരീക്ഷിക്കുന്നത്.
സ്വിറ്റ്സർലൻഡിലെ സാൻഫ്ലൂറാൻ ഹിമാനിയിലാണ് പരീക്ഷണം നടത്തിയത്. ലാസെൻ സർവകലാശാലയുമായും സ്വിസ് ഗ്ലേസിയർ മോണിറ്ററിംഗ് നെറ്റ്‌വർക്കായ ഗ്ലാമോസുമായും സഹകരിച്ച് നാല് വിദ്യാർഥികൾ മാസ്റ്റേഴ്‌സ് തീസിസിന്റെ ഭാഗമായി ഈ ആശയം വികസിപ്പിച്ചു. പ്രാദേശിക ടെക്സ്റ്റൈൽ കമ്പനിയായ ഫിസോളൻ പരീക്ഷണത്തിനായി കമ്പിളി നൽകി.
ജൂണിൽ 100 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് വലിയ കമ്പിളിപ്പുതപ്പുകൾ ഹിമാനിയിൽ സ്ഥാപിച്ചു. സമീപത്ത് പരമ്പരാഗത പ്ലാസ്റ്റിക് കവറുകളും സ്ഥാപിച്ച് ഇരുവിധ രീതികളുടെയും ഫലപ്രാപ്തി താരതമ്യം ചെയ്തു. കമ്പിളി പുതപ്പുകൾക്ക് പ്ലാസ്റ്റിക് ഷീറ്റുകൾക്ക് സമാനമായി മഞ്ഞുരുകൽ 50 മുതൽ 70 ശതമാനം വരെ തടയാൻ കഴിഞ്ഞതായി ഗവേഷകർ കണ്ടെത്തി.
പ്ലാസ്റ്റിക് ഷീറ്റുകൾ അൾട്രാവയലറ്റ് രശ്മികളുടെയും വായുവിന്റെയും സ്വാധീനത്തിൽ കാലക്രമേണ നശിക്കുകയും മൈക്രോപ്ലാസ്റ്റിക് വെള്ളത്തിലേക്ക് കലരാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പ്രകൃതിദത്തമായ ആടുകളുടെ കമ്പിളി പരിസ്ഥിതിയിൽ എളുപ്പത്തിൽ വിഘടിക്കുന്നു. സ്വിറ്റ്സർലൻഡിൽ ആടുകളുടെ കമ്പിളിയുടെ 40 മുതൽ 70 ശതമാനം വരെ വിപണി ലഭിക്കാത്തതിനാൽ മാലിന്യമായി ഉപേക്ഷിക്കപ്പെടുന്നതും ഈ പരീക്ഷണത്തിന് പ്രാധാന്യം നൽകുന്നു.
അതേസമയം, കമ്പിളി പുതപ്പുകൾ ഉപയോഗിച്ചുള്ള സംരക്ഷണം പരിമിതമായതും സാമ്പത്തികമായി വിലപ്പെട്ടതുമായ ഹിമപ്രദേശങ്ങൾക്ക് മാത്രമാണ് പ്രായോഗികമെന്ന് ഗവേഷകർ വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ഹിമാനികളുടെ 0.02 ശതമാനം മാത്രമാണ് നിലവിൽ ഇത്തരം കവറുകൾ ഉപയോഗിച്ച് സംരക്ഷിക്കുന്നത്. ഇവ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും വലിയ ചെലവും അധ്വാനവും ആവശ്യമാണ്.
വലിയ തോതിലുള്ള ഹിമാനി ഉരുകൽ തടയാൻ ഈ രീതിക്ക് കഴിയില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളെ നിയന്ത്രിക്കുകയാണ് ഹിമാനികളെ സംരക്ഷിക്കാനുള്ള യഥാർഥ പരിഹാരമെന്നും അവർ വ്യക്തമാക്കി.


