...
Home Business കെനിയയിൽ ടാറ്റ കെമിക്കൽസിന് വൻ തിരിച്ചടി; മാഗഡി പ്ലാന്റ് പൂട്ടാൻ ഉത്തരവിട്ട് പ്രസിഡന്റ് വില്യം റൂട്ടോ

കെനിയയിൽ ടാറ്റ കെമിക്കൽസിന് വൻ തിരിച്ചടി; മാഗഡി പ്ലാന്റ് പൂട്ടാൻ ഉത്തരവിട്ട് പ്രസിഡന്റ് വില്യം റൂട്ടോ

കമ്പനിയും കെനിയൻ സർക്കാരും തമ്മിലുള്ള ഈ തർക്കം ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും നയതന്ത്രതലത്തിലും വലിയ ചർച്ചാവിഷയമായി

4

നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ടാറ്റ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടാറ്റ കെമിക്കൽസിന് കനത്ത പ്രതിസന്ധി. കജിയാഡോ പ്രദേശത്തെ മഗഡി തടാകത്തിൽ പ്രവർത്തിക്കുന്ന സോഡാ ആഷ് പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്താൻ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ കർശന നിർദ്ദേശം നൽകി. നൂറ്റാണ്ടുകളായി രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുകയാണെങ്കിലും പ്രാദേശിക വികസനത്തിനായി കമ്പനി യാതൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രസിഡന്റിന്റെ രൂക്ഷ വിമർശനം

കജിയാഡോയിൽ നടന്ന പൊതുയോഗത്തിലാണ് പ്രസിഡന്റ് റൂട്ടോ ടാറ്റ കെമിക്കൽസിനെതിരെ ആഞ്ഞടിച്ചത്. നൂറു വർഷത്തെ കരാറും ഇളവുകളും ഉണ്ടായിരുന്നിട്ടും തദ്ദേശവാസികൾക്കായി ഒരു പ്രധാന വ്യാവസായിക യൂണിറ്റോ ഗ്ലാസ് ഫാക്ടറിയോ നിർമ്മിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അസംസ്കൃത വസ്തുക്കൾ മാത്രം ചൂഷണം ചെയ്ത് കയറ്റുമതി ചെയ്യാനാണ് കമ്പനി ശ്രമിച്ചതെന്നും പ്രാദേശികമായ മൂല്യവർദ്ധനവിന് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. “നാം മറ്റുള്ളവരുടെ അടിമകളാണോ?” എന്ന് വ്യക്തമാക്കിയ റൂട്ടോ, കമ്പനിയോട് ഉടൻ തന്നെ കെനിയ വിട്ടുപോകാൻ ഉത്തരവിടുകയായിരുന്നു.

പുതിയ കമ്പനികൾക്ക് ലൈസൻസ് പ്രഖ്യാപിച്ച് സർക്കാർ

ടാറ്റ കെമിക്കൽസിന് പകരമായി കജിയാഡോയിൽ രണ്ട് പുതിയ കമ്പനികൾക്ക് അനുമതി നൽകുമെന്ന് കെനിയൻ സർക്കാർ പ്രഖ്യാപിച്ചു. പ്രദേശത്ത് വലിയൊരു ഗ്ലാസ് ഫാക്ടറിയും രാസവസ്തുക്കൾ നിർമ്മിക്കുന്ന മറ്റൊരു യൂണിറ്റും സ്ഥാപിക്കുന്ന പുതിയ കമ്പനികൾക്കാണ് സർക്കാർ ലൈസൻസ് നൽകുന്നത്. വ്യവസായവൽക്കരണത്തിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ യഥാർത്ഥ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

നിയമപോരാട്ടവും തർക്കങ്ങളും

റോയൽറ്റി കുടിശ്ശികയും നിയന്ത്രണ ലംഘനങ്ങളും ആരോപിച്ച് കെനിയൻ മിനിസ്ട്രി ഓഫ് മൈനിംഗ് കഴിഞ്ഞ ജൂലൈ അവസാനം മാഗഡി സോഡയുടെ പ്രവർത്തനങ്ങളും കയറ്റുമതിയും താൽക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് പ്രവർത്തനം എന്ന നിലപാടിലാണ് ടാറ്റ ഗ്രൂപ്പ്. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധിയിലായി കയറ്റുമതിയും ജീവനക്കാരുടെ ജോലിയും

ആഗോളതലത്തിൽ ഗ്ലാസ് നിർമ്മാണത്തിനും മറ്റ് വ്യവസായങ്ങൾക്കും അത്യാവശ്യമായ സോഡാ ആഷ് പ്രതിവർഷം 350,000 ടണ്ണിലധികം കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രമാണ് മാഗഡി പ്ലാന്റ്. സർക്കാരിന്റെ പുതിയ നീക്കം ഈ വൻകിട കയറ്റുമതിയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ജോലി ചെയ്യുന്നൂടൻ കണക്കിന് ജീവനക്കാരുടെ തൊഴിൽ ഭീതിയിലാവുകയും ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ഖനന മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. കമ്പനിയും കെനിയൻ സർക്കാരും തമ്മിലുള്ള ഈ തർക്കം ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും നയതന്ത്രതലത്തിലും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.