കേരളത്തിലെ കപ്പൽ നിർമ്മാണ പദ്ധതിയെ പറ്റി അറിയില്ലെന്ന് ടാറ്റ. കേരളത്തിലെന്നല്ല ഒരിടത്തും കപ്പൽ നിർമ്മാണ ശാല നിർമ്മിക്കുന്നില്ലെന്നും ടാറ്റ കമ്പനി വക്താക്കൾ അറിയിച്ചു. ഇതോടെ കേരളത്തിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണ പദ്ധതിയിൽ വൻ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രഖ്യാപനമാണ് ടാറ്റ ഗ്രൂപ്പ് തള്ളിയിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണ പദ്ധതികളില്ലെന്നും ടാറ്റ കമ്പനി വക്താക്കൾ അറിയിച്ചു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ചാണ് എക്കണോമിക് ടൈംസ് വാർത്ത
10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന മാരിടൈം കോൺക്ലേവിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലും ടാറ്റ ഗ്രൂപ്പിന് കപ്പൽ നിർമാണ ശാല നിർമിക്കാൻ ഭൂമി വിട്ടുനൽകുമെന്ന് വിഡി സതീശൻ പറയുന്നുണ്ട്. പതിനായിരം കോടി രൂപയുടെ നിക്ഷേപം ടാറ്റ ഗ്രൂപ്പ് നടത്തുമെന്ന് ഈ അഭിമുഖത്തിലും സതീശൻ പറയുന്നുണ്ട്.
കേരളത്തിൽ ടാറ്റ ഗ്രൂപ്പ് വൻ നിക്ഷേപം നടത്തുമെന്ന സതീശന്‍റെ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെ ആണ് കേരളത്തിലെ മാധ്യമങ്ങൾ നൽകിയത്. ഏത് സ്ഥലത്താണ് പദ്ധതി വരികയെന്ന തരത്തിൽ അതിന്‍റെ തുടർ വാർത്തകൾ ഇന്നും മാധ്യമങ്ങൾ നൽകിയിരുന്നു. അതിന് പിന്നാലെയാണ് പദ്ധതിയെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും, ഒരിടത്തും ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല പദ്ധതിയിൽ നിക്ഷേപിക്കുന്നില്ലെന്നും കമ്പനി വക്താക്കൾ അറിയിച്ചത്.


