...
Home News Kerala വിദ്യാർഥികൾക്ക് പ്രിൻസിപ്പാൾ അറിയാതെ ‘ടിസി’; വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് നിഗമനം

വിദ്യാർഥികൾക്ക് പ്രിൻസിപ്പാൾ അറിയാതെ ‘ടിസി’; വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് നിഗമനം

ഏത് കമ്പ്യുട്ടറിൽ നിന്നാണ് ലോഗിൻ ചെയ്‌തതെന്ന് കണ്ടെത്താൻ പോലീസ് സൈബർ സെല്ലിൻ്റെ സഹായം തേടി

128

പതിനേഴ് സ്‌കൂൾ വിദ്യാർഥികൾക്ക് പ്രിൻസിപ്പാളറിയാതെ ‘ടിസി’ നൽകി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്നാണ് നിഗമനം. മലപ്പുറത്ത് തവനൂരിലെ കേളപ്പൻ സ്‌മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഈ വർഷം പുതിയതായി സ്‌കൂളിൽ ചേർന്ന വിദ്യാർഥികളെയാണ് സ്‌കൂൾ അധികൃതർ അറിയാതെ സ്‌കൂളിൽ നിന്ന് വിടുതൽ ചെയ്‌തത്. പ്രിൻസിപ്പൽ വി.ഗോപിയുടെ പരാതിയിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറിയാണ് കുട്ടികള്‍ക്ക് ടിസി നൽകിയിരിക്കുന്നത്. ഒന്നാംവർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനയ്ക്കിടെ ആണ് സംഭവം പ്രിൻസിപ്പലിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കൊമേഴ്‌സിലെ മൂന്നും ഹ്യുമാനിറ്റീസിലെ രണ്ടും സയൻസിലെ പന്ത്രണ്ടും വിദ്യാർഥികളുടെ ടിസിയാണ് പ്രിൻസിപ്പൽ അറിയാതെ അനുവദിച്ചിരിക്കുന്നത്.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രിൻസിപ്പലിൻ്റെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌താണ് ടിസി അനുവദിച്ചത്. ഏത് കമ്പ്യുട്ടറിൽ നിന്നാണ് ലോഗിൻ ചെയ്‌തതെന്ന് കണ്ടെത്താൻ പോലീസ് സൈബർ സെല്ലിൻ്റെ സഹായം തേടി.

പ്രിൻസിപ്പലിനെ കൂടാതെ മറ്റു രണ്ടുപേർക്കാണ് ലോഗിൻ ചെയ്യാനുള്ള യൂസർ ഐഡിയും പാസ്‌വേഡും അറിയുന്നത്. പുറമേനിന്നുള്ള മറ്റാരെങ്കിലുമാണോ ഇത് ചെയ്‌തതെന്നും പരിശോധിക്കുന്നുണ്ട്. ഓഗസ്റ്റ് 13നും 14നും രണ്ടുവീതവും 16ന് 13 പേരുടെയും ടിസിയാണ് അനുവദിച്ചത്.

രക്ഷിതാക്കളുടെ ആവശ്യപ്രകാരം മറ്റ് സ്‌കൂളിൽ ചേർക്കാൻ എന്നിങ്ങനെയാണ് ടിസി നൽകുന്നതിനുള്ള കാരണങ്ങളായി നൽകിയത്. സംഭവം ഹയർസെക്കൻഡറി ഡയറക്ടറേറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.