ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ (ടിസിഎസ്) ജീവനക്കാരുടെ “അടിസ്ഥാന” ഡാറ്റ ചോർന്നേക്കാമെന്ന് ആരോപിച്ച് ഭീഷണി- ഇൻ്റെലിജൻസ് മുന്നറിയിപ്പ്. സംഭവത്തിൽ വിശദീകരണവുമായി കമ്പനി രംഗത്തെത്തി.
ഉപഭോക്തൃ ഡാറ്റയെയോ ഉപഭോക്തൃ സംവിധാനങ്ങളെയോ സ്വന്തം പ്രവർത്തന സംവിധാനങ്ങളെയോ ഇത് ബാധിച്ചതായി സൂചനയില്ലെന്ന് ടാറ്റ ഗ്രൂപ്പ് കമ്പനി വ്യക്തമാക്കി.
ആരോപണങ്ങളും കമ്പനി പ്രതികരണവും
“ചില ജീവനക്കാരുടെ വിവരങ്ങൾ ചോർന്നേക്കാമെന്ന് ആരോപിച്ച് കമ്പനിക്ക് ഭീഷണി- ഇൻ്റെലിജൻസ് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്,” ടിസിഎസ് എക്സ്ചേഞ്ച് അറിയിപ്പിൽ വ്യക്തമാക്കി. പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ നാല് വർഷത്തിലേറെ പഴക്കമുള്ളതാണെന്നും ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
“പാസ്‌വേഡ് സ്‌പ്രേയും മൾട്ടി- ഫാക്ടർ ഓതന്റിക്കേഷൻ (എംഎഫ്എ) ക്ഷീണവുമാണ് ആക്രമണത്തിന് കാരണം” എന്നാണ് ആക്രമണകാരി അവകാശപ്പെടുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇത്തരം സാങ്കേതിക വിദ്യകൾക്കെതിരെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കമ്പനിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ടിസിഎസ് വ്യക്തമാക്കി.
നിരീക്ഷണവും ഓഹരി വിപണിയിലെ പ്രതിഫലനവും
നിലവിലെ അവലോകനത്തിൻ്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സുരക്ഷാ നിയന്ത്രണങ്ങൾ ഫലപ്രദമായി തുടരുന്നുണ്ടെന്നും സിസ്റ്റം സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും ടിസിഎസ് അറിയിച്ചു. ലഭ്യമാകുന്ന പുതിയ വിവരങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കും.
അതേസമയം, സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിഎസ്ഇയിൽ ടിസിഎസ് ഓഹരികൾ 0.80 ശതമാനം ഇടിഞ്ഞ് 2,434 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബെഞ്ച്മാർക്കിൽ 0.06 ശതമാനം നേട്ടമുണ്ടായിരുന്നു.


