...
Home News Kerala കാലടി സർവകലാശാല സംഘർഷം കനക്കുന്നു; വിസിയുടെ വീടിനു മുന്നിൽ എസ്.എഫ്.ഐ പോസ്റ്റർ

കാലടി സർവകലാശാല സംഘർഷം കനക്കുന്നു; വിസിയുടെ വീടിനു മുന്നിൽ എസ്.എഫ്.ഐ പോസ്റ്റർ

അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം

26

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ വി.സി. സിസ തോമസിന്റെ വീടിനു മുന്നിൽ എസ്.എഫ്.ഐയുടെ പ്രതിഷേധ പോസ്റ്റർ. “ഇത് ജനാധിപത്യ കേരളമാണ്, മാപ്പുമില്ല കോപ്പുമില്ല” എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കാമെന്ന സർവകലാശാലയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് എസ്.എഫ്.ഐ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.

സർവകലാ ശാലയ്ക്ക് മുന്നിൽ നിരാഹാര സമരം

സസ്പെൻഷനിലായ 16 വിദ്യാർത്ഥികളുടെയും നടപടി ഉപാധികളില്ലാതെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. അശ്വന്ത്, അർച്ചന, കെ.വി. അഭിജിത് എന്നീ വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ നിരാഹാരം അനുഷ്ഠിക്കുന്നത്. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട 60 ദിവസത്തെ ഹാജർ ലഭ്യമാക്കുന്നത് വരെ സമരം തുടരുമെന്ന് സംഘടന വ്യക്തമാക്കി.

“മാപ്പ് എഴുതി നൽകാൻ ഞങ്ങൾ ആരുടെയും ജനുസ്സല്ല”

വിദ്യാർത്ഥികൾ മാപ്പെഴുതി നൽകണമെന്ന നിലപാടിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

“മാപ്പ് എഴുതുന്നവർ ഞങ്ങളുടെ ജനുസ് അല്ല. മാരാർജി ഭവനിൽ പോയി രാജീവ് ചന്ദ്രശേഖറിനോടോ ലോക് ഭവനിൽ പോയി ഓം പ്രകാശ് മാഥുറിനോടോ അത് പറഞ്ഞാൽ മതി. അവർക്കാണ് മാപ്പ് എഴുതി ശീലം,” പി.എസ്. സഞ്ജീവ് പരിഹസിച്ചു.

സർവകലാ ശാലയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് എസ്.എഫ്.ഐയുടെ തീരുമാനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.