എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കുമെന്ന കുറിപ്പുമായി സിപിഐഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ വീണാ ജോർജ്. പ്രിയ സഖാവേ ഒപ്പമെന്ന് തുടങ്ങുന്ന കുറിപ്പാണ് വീണാ ജോർജ് ഫേസ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
“പ്രിയ സഖാവേ ഒപ്പം. ഇക്കാലമത്രയും പലതരത്തിൽ, നേരിട്ടും മറഞ്ഞിരുന്നും ആക്രമിച്ച് ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു. എല്ലാ നുണക്കോട്ടകളെയും തകർത്തെറിഞ്ഞ് നേരിൻ്റെ ആ രാഷ്ട്രീയ ജീവിതം ഇവിടെ തെളിമയോടെ തന്നെ നിലനിൽക്കു”മെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണച്ച് വീണാ ജോർജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളക്ക് ശേഷം ആണ് കേസുമായി രംഗത്ത് വരുന്നത്. റെയ്‌ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.



