...
Home News 2026-ലെ അഗ്നിവലയ വിസ്മയം ഫെബ്രുവരി 17-ന് ദൃശ്യമാകും

2026-ലെ അഗ്നിവലയ വിസ്മയം ഫെബ്രുവരി 17-ന് ദൃശ്യമാകും

സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോവുകയും ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിൽ വരികയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം വർദ്ധിക്കുമ്പോഴാണ് 'അഗ്നിവലയ' സൂര്യഗ്രഹണം ഉണ്ടാകുന്നത്.

284

2026-ലെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന് ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും സൂര്യന്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ദൃശ്യമാകുകയും ചെയ്യുന്ന ‘ആന്യുലാർ’ അഥവാ ‘അഗ്നിവലയ’ സൂര്യഗ്രഹണമായിരിക്കും ഇത്. ഈ സമയത്ത് സൂര്യന്റെ ഏകദേശം 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും. അന്റാർട്ടിക്കയിലെ ഉൾനാടുകളിൽ നിന്ന് മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ നീണ്ടുനിൽക്കും.

708 ദിവസങ്ങളിലെ മൂന്ന് ഗ്രഹണങ്ങൾ

അടുത്ത രണ്ട് വർഷത്തിനിടെ, കൃത്യമായി പറഞ്ഞാൽ 708 ദിവസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മൂന്ന് സൂര്യഗ്രഹണ പരമ്പരയിലെ ആദ്യത്തേതാണിത്. ഇതിന് പിന്നാലെ അടുത്ത വർഷം (2027) ഫെബ്രുവരി ആറിന് രണ്ടാമത്തെ സൂര്യഗ്രഹണം നടക്കും. ചിലി, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലുമാണ് ഈ കാഴ്ച ദൃശ്യമാകുക.

മൂന്നാമത്തെ ഗ്രഹണം 2028 ജനുവരി 26-നാണ് സംഭവിക്കുക. ഇത് ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ ദൃശ്യമാവുകയും സ്പെയിനിൽ സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും. ഈ ഗ്രഹണം ഏകദേശം 10 മിനിറ്റ് 27 സെക്കൻഡ് വരെ നീണ്ടുനിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ ചന്ദ്രൻ കടന്നുപോവുകയും ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിൽ വരികയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം വർദ്ധിക്കുമ്പോഴാണ് ‘അഗ്നിവലയ’ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ, ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ സൂര്യനേക്കാൾ ചെറുതായി കാണപ്പെടുകയും സൂര്യനെ പൂർണ്ണമായും മറയ്ക്കാൻ ചന്ദ്രന് കഴിയാതെ വരികയും ചെയ്യുന്നു. തത്ഫലമായി ചന്ദ്രന് ചുറ്റുമായി സൂര്യന്റെ വശങ്ങൾ കാണപ്പെടുകയും അത് ഒരു സ്വർണ്ണവളയം പോലെ ഭൂമിയിൽ നിന്ന് അനുഭവപ്പെടുകയും ചെയ്യുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.