കാസർകോട്: തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ ജില്ലാകോടതി തള്ളിയതോടെ പ്രതിയായ യുവതിയെ കണ്ടെത്താൻ പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസ്സിൽ പ്രതിയായ കളനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖർ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി യുവതിയോട് പോലീസിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.
മേൽപ്പറമ്പ് പോലീസ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പൊയിനാച്ചി മൊട്ടയിലെ അഖിലേഷിൻ്റെ ഒരു ലക്ഷം രൂപയും ഒരു പവൻ സ്വർണ്ണവും തട്ടിയെടുത്തുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തതിന് പിന്നാലെയാണ് ഒളിവിൽപ്പോയത്. അതിനിടെ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാൻ കാസർകോട്ടെ പ്രമുഖ അഭിഭാഷകരെയും ശ്രുതി സമീപിച്ചിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞാണ് ജീവിക്കുന്ന ശ്രുതി രണ്ട് ആൺമക്കളുടെ അമ്മയാണ്. ഐഎസ്ആർഒ എഞ്ചിനീയർ, ഐഏഎസ് ട്രെയിനി എന്നീ വേഷങ്ങളിൽ ആളുകളെ പറ്റിക്കുന്ന യുവതി അമ്പലത്തറയിലെ ജിംനേഷ്യം പരിശീലകനിൽ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ജിംനേഷ്യം പരിശീലകൻ ജോലി ചെയ്യുന്ന കേന്ദ്രത്തിൽ പരിശീലനത്തിനെന്ന വ്യാജേനയെത്തിയ യുവതി വിവാഹ വാഗ്‌ദാനം നൽകിയാണ് പണം തട്ടിയെടുത്തത്. പ്രസ്സിൽ അച്ചടിച്ച വ്യാജ നിശ്ചയക്കത്ത് ജിംനേഷ്യം പരിശീലകനെ കാണിച്ച ശ്രുതി ഭാവിവരനായ ഡോക്ടറെ ഇഷ്ടമല്ലെന്ന് പറഞ്ഞാണ് അമ്പലത്തറ യുവാവിനോട് അടുത്തതെന്ന് പോലീസ് പറയുന്നു.
വിവാഹ വാഗ്‌ദാനത്തിൽ നിന്നും ശ്രുതി പിന്മാറിയതോടെ നാല് ലക്ഷം തിരികെ ചോദിച്ച യുവാവിനെ ബലാത്സംഗക്കേസിൽ കുടുക്കി. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തട്ടിപ്പിനിരയായവർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒമ്പത് സിം കാർഡുള്ള ശ്രുതിയുടെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



