...
Home News International നടന്നത് ഇറാനെ നടുക്കിയ ആക്രമണം: ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടു; ഖമനേയിയുടെ കൊട്ടാരം തകർത്തു

നടന്നത് ഇറാനെ നടുക്കിയ ആക്രമണം: ഐആർജിസി കമാൻഡർ കൊല്ലപ്പെട്ടു; ഖമനേയിയുടെ കൊട്ടാരം തകർത്തു

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടായിരുന്നു യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം.

228

ശനിയാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെത്തുടർന്ന് ചുമതലയേറ്റ പാക്പൂർ, ഇറാനിലെ ഏറ്റവും ശക്തരായ സൈനിക നേതാക്കളിൽ ഒരാളായിരുന്നു. ഇസ്രയേലിനും യുഎസിനും എതിരെ ജനുവരിയിൽ അദ്ദേഹം ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും, ഇസ്രയേലിന്റെ മിന്നലാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 260 ദിവസമാണ് അദ്ദേഹം ഐആർജിസി കമാൻഡറായി സേവനമനുഷ്ഠിച്ചത്.

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടായിരുന്നു യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം. ആക്രമണത്തിൽ ഖമനേയിയുടെ കൊട്ടാരം പൂർണ്ണമായും തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. ഖമനേയി ആക്രമണ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ സ്ഥിരീകരണമില്ല. ഇറാനിലെ പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി.

ആക്രമണത്തെത്തുടർന്ന് ഇറാൻ 75 മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. സംഘർഷം രൂക്ഷമായതോടെ യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാതകൾ അടയ്ക്കുകയും ചില വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. ഇറാന്റെ മിസൈൽ വർഷത്തെത്തുടർന്ന് അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള മലയാളി പ്രവാസികൾക്കായി കേരള സർക്കാർ നോർക്ക ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.