...
Home Technology വാട്സ്ആപ്പിൽ മെസ്സേജ് അയച്ച് പണം തട്ടുന്ന ‘ബോസ് സ്കാം’; അറിയാം, സുരക്ഷിതമായിരിക്കാം

വാട്സ്ആപ്പിൽ മെസ്സേജ് അയച്ച് പണം തട്ടുന്ന ‘ബോസ് സ്കാം’; അറിയാം, സുരക്ഷിതമായിരിക്കാം

വാട്സ്ആപ്പിൽ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ വോയ്സ് കോൾ വിളിച്ച് വ്യക്തിയെ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പണം നൽകാവൂ

14

വാട്സ്ആപ്പിലൂടെ വ്യാജ ഫയലുകൾ അയച്ച് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്ന ‘ബോസ് സ്കാം’ (Boss Scam) എന്ന പുതിയ തട്ടിപ്പുരീതി സജീവമാകുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് (Bank statement), പാൻ അപ്‌ഡേറ്റ് (PAN update), ഐ.എം.പി.എസ് സ്റ്റേറ്റ്‌മെന്റ് (IMPS statement) തുടങ്ങിയ പേരുകളിലുള്ള ബിൻ (bin), സിപ്പ് (zip) ഫയലുകൾ അക്കൗണ്ടന്റിനോ ഫിനാൻസ് മാനേജർക്കോ ഫോർവേഡ് ചെയ്യാനും കമ്പ്യൂട്ടറിൽ തുറക്കാനും തട്ടിപ്പുകാർ നിർദ്ദേശിക്കുന്നു. നിർദ്ദേശപ്രകാരം വാട്സ്ആപ്പ് വെബ് (WhatsApp Web) വഴി ഇത്തരം ഫയലുകൾ ഓപ്പൺ ചെയ്യുമ്പോൾ മാൽവെയറുകൾ (malware) ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പ്രധാനമായും കോർപ്പറേറ്റ് കമ്പനികളെയും ഓഫീസുകളെയുമാണ് ഈ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.

ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് വെബ് ആക്‌സസ് ചെയ്യുന്ന തട്ടിപ്പുകാർ ആളുകളുടെ ചാറ്റുകൾ പരിശോധിക്കുകയും സ്ഥിരമായി പണം അയക്കുന്ന വ്യക്തികളെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന്, തട്ടിപ്പിനിരയാകുന്ന ആളുടെ ഒറിജിനൽ കോൺടാക്‌റ്റ് ബ്ലോക്ക് ചെയ്ത ശേഷം, അതേ ആളുടെ പേരും പ്രൊഫൈൽ ഫോട്ടോയും (DP) ഉപയോഗിച്ച് പുതിയൊരു കോൺടാക്‌റ്റ് അക്കൗണ്ടിലേക്ക് സേവ് ചെയ്യുകയാണ് ചെയ്യുന്നത്. പഴയ സംഭാഷണങ്ങൾ അതേപടി കോപ്പി ചെയ്ത്, ഇതിന്റെ തുടർച്ചയെന്നോണം പണം ആവശ്യപ്പെടുമ്പോൾ വാട്സ്ആപ്പിലെ പേരും ഡിപിയും കണ്ടുമാത്രം വിശ്വസിച്ച് ആളുകൾ പണം അയച്ച് തട്ടിപ്പിന് ഇരയാകുന്നു.

വാട്സ്ആപ്പിൽ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ വോയ്സ് കോൾ വിളിച്ച് വ്യക്തിയെ ഉറപ്പുവരുത്തിയ ശേഷം മാത്രമേ പണം നൽകാവൂ എന്ന് കേരളാ പോലീസ് നിർദ്ദേശിക്കുന്നു. വാട്സ്ആപ്പിൽ വരുന്ന എല്ലാ ഫയലുകളും സുരക്ഷിതമല്ലാത്തതിനാൽ അവ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുത്. കമ്പ്യൂട്ടർ ഇൻഫെക്‌റ്റഡ് ആയാൽ ഉടനടി ഇന്റർനെറ്റ് വിച്ഛേദിക്കുകയും, വാട്സ്ആപ്പിലെ ‘Linked Devices’ പരിശോധിച്ച് സംശയകരമായ സെഷനുകൾ ടെർമിനേറ്റ് ചെയ്യുകയും വേണം. കൂടാതെ, സ്വന്തം ചിത്രം ഉപയോഗിച്ച് വ്യാജമായി പണം ആവശ്യപ്പെട്ടാൽ നൽകരുതെന്ന് എല്ലാ കോൺടാക്‌റ്റുകൾക്കും അടിയന്തര സന്ദേശം നൽകുകയും വേണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.