...
Home News പിഎം ശ്രീ പദ്ധതിയിൽ തന്ത്രപരമായ നീക്കം നടത്തുന്നത് കേന്ദ്രമാണ്

പിഎം ശ്രീ പദ്ധതിയിൽ തന്ത്രപരമായ നീക്കം നടത്തുന്നത് കേന്ദ്രമാണ്

രാജ്യത്തെ വിദ്യാഭ്യാസപദ്ധതി മൊത്തം ഒരു ചട്ടക്കൂടിലേക്ക് മാറ്റി, ഇതര ചട്ടക്കൂടിൽ തുടരാൻ തീരുമാനിച്ചവരെ താമസിയാതെ 'പൊതുഅംഗീകൃത 'വ്യവസ്ഥയിൽ നിന്ന് പുറന്തള്ളും.

412

| അനു പാപ്പച്ചൻ

പിഎം ശ്രീ പദ്ധതിയിലൂടെ തന്ത്രപരമായ നീക്കം നടത്തുന്നത് കേന്ദ്രമാണ്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നില്ക്കുന്ന ഒരാൾ എന്ന നിലയിൽ അനുഭവത്തിൽ നിന്നു ചിലതുപറയാം.കേന്ദ്രത്തിൻ്റെ കു’തന്ത്രം’ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുകയെന്ന്.

  1. രാജ്യത്തെ വിദ്യാഭ്യാസപദ്ധതി മൊത്തം ഒരു ചട്ടക്കൂടിലേക്ക് മാറ്റി, ഇതര ചട്ടക്കൂടിൽ തുടരാൻ തീരുമാനിച്ചവരെ താമസിയാതെ ‘പൊതുഅംഗീകൃത ‘വ്യവസ്ഥയിൽ നിന്ന് പുറന്തള്ളും.
  2. സാമ്പ്രദായികരീതി തന്നെ പിന്തുടരുന്ന കുട്ടികൾക്ക് ആദ്യവർഷങ്ങളിൽ ചില നിയമ ഇളവുകൾ കിട്ടിയേക്കാം..എന്നാൽ പിന്നിട് അവർ ബദൽ / കോമ്പൻസേഷൻ തേടേണ്ടി വരും. കാലക്രമേണ സർക്കാരിൻ്റെ നിലപാടോ നയമോ അതിൻ്റെ ഫലങ്ങളോ ഒന്നും കാത്തു നില്ക്കാതെ കുട്ടികളുടെ ഭാവി കണക്കാക്കി അവർ അനിശ്ചിതാവസ്ഥകളിൽ നിന്ന് നാടുവിടും.അക്കൂട്ടത്തിൽ കക്ഷിഭേദമുണ്ടാവില്ല.
  3. ഭൂരിപക്ഷപദ്ധതിക്കനുസരിച്ചേ ഭാവി പഠന / തൊഴിൽ മാനദണ്ഡങ്ങൾ ഇവിടെ നിശ്ചയിക്കപ്പെടൂ. NEP പ്രകാരം ഡിഗ്രി ഇപ്പോൾ 3+1-. ആക്കിയല്ലോ അതിനനുസരിച്ചായിരിക്കും അടുത്തഘട്ട വിദ്യാഭ്യാസം. അതുപോലെത്തന്നെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് സ്കൂളിലെ വിദ്യാഭ്യാസത്തിൽ 5+3+3+4 യോഗ്യത നിർബന്ധമാക്കാൻ തുടങ്ങും. മറ്റ് വിദ്യാഭ്യാസം ചെയ്തവർ തുല്യതക്കായി നിയമപരമായ മാർഗങ്ങളിലൂടെ പോകേണ്ടി വരും. വളരെക്കാലം ചുറ്റിവലച്ച് കുട്ടികളെ കഷ്ടപ്പെടുത്തുകയും ചെയ്യും.. അന്ന് ആരുമവരുടെ ദുരിതം ശ്രദ്ധിക്കാനേ പോകുകയില്ല.
  4. സർക്കാരുകൾ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കാനും ഉള്ളവ മെച്ചപ്പെടുത്താനും ബാധ്യസ്ഥരാണ്. അവർ അതിനു പാങ്ങുനേടി വരുമ്പോഴേക്കും തങ്ങളുടെ ആശ്രിതസംസ്ഥാനങ്ങൾക്ക് വലിയ ഫണ്ടുകൾ വിതരണം ചെയ്ത് അവരുടെ നിലവാരവുമായി അജഗജാന്തരമാക്കും.. അതിലേക്ക് പൊരുതി ഒപ്പമെത്താൻ സമയമെടുക്കും.
  5. ഇനി അഥവാ നിയമപരമായി പ്രതിരോധിച്ചു നിന്നുകൊണ്ട് സംസ്ഥാനങ്ങൾ ന്യായമായ ഫണ്ട് ആവശ്യപ്പെട്ടാൽ പോലും, അത് എങ്ങനെ വിതരണം ചെയ്യണം എന്നതിൽ കടുത്ത നിയന്ത്രണം ഏല്പിച്ചു കൊണ്ട് കേന്ദ്രം ഞെരിച്ചു കളയും. ഇതിനു പിന്നാലെയാണ് ആസൂതിത്രമായ മറ്റു തന്ത്രങ്ങളുടെ നീക്കം
  6. സർക്കാരുകളുടെ വിദ്യാഭ്യാസ സ്വയംഭരണത്തെ ദുർബലപ്പെടുത്തി പദ്ധതിയുടെ ചട്ടക്കൂടിൽ താമസിയാതെ കേന്ദ്രീകൃത പാഠ്യപദ്ധതി അടിച്ചേല്പിക്കുക
  7. കാവിവൽക്കരണം ഉൾപ്പെടെയുള്ള പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ ഏൽപ്പിച്ചു കൊടുക്കുക. സിലബസിലും പരിപാടികളിലും വിളയാട്ടങ്ങൾ തുടങ്ങിക്കഴിഞ്ഞു.
  8. ചില തന്ത്രപരമായ കേന്ദ്രീകരണങ്ങളും ബോധപൂർവമായ ഒഴിവാക്കലുകളും നടത്തി വിദ്യാഭ്യാസത്തിൻ്റെ കുത്തകവല്ക്കരണം പ്രായോഗികമാക്കുക. അങ്ങനെ കോണി കയറ്റി കയറ്റി ഒടുക്കം പാമ്പിൻ്റെ വായിൽ വീഴ്ത്തുന്ന കളിയിൽ ഇപ്പോൾ പയറ്റുന്ന തന്ത്രം പോരാതെ വരും നമ്മുടെ വിദ്യാഭ്യാസത്തിന്.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.