...
Home News National കേന്ദ്രസർക്കാരിനോട് ജനാധിപത്യപരമായി പോരാടി നിന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മാറിയിരിക്കുന്നു

കേന്ദ്രസർക്കാരിനോട് ജനാധിപത്യപരമായി പോരാടി നിന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മാറിയിരിക്കുന്നു

ബംഗാളിൽ അധികാരം പിടിക്കുക,തമിഴ്നാട്ടിൽ ഡിഎംകെയും കേരളത്തിൽ സിപിഐ എമ്മും ദുർബലപ്പെടുക എന്നത് ഈ തെരഞ്ഞെടുപ്പിലെ ബിജെപി അജണ്ട കൂടിയാണ്.

268

| എമ്മെസ് ഷൈജു

രാജ്യത്തെ ബിജെപി മൊത്തമായി വിഴുങ്ങുകയാണ്. കേന്ദ്രസർക്കാരിനോട് ജനാധിപത്യപരമായി പോരാടി നിന്ന മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മാറിയിരിക്കുന്നു. അവിടങ്ങളിലെല്ലാം ദയനീയമായ നിലയിൽ ഭരണം നഷ്ടമായി. ബംഗാൾ പൂർണമായും ബിജെപിക്ക് വഴങ്ങിക്കൊടുത്തു. ഇന്ത്യൻ ദേശീയ സങ്കല്പങ്ങളിലെ സാംസ്കാരിക പ്രൗഢിയുടെ പര്യായമായിരുന്നു ബംഗാൾ.

രാജ്യത്തെ ഹിന്ദിയിതര മേഖലയുടെ മുഖ്യഭാഗമാണ് ബംഗാൾ. അവിടമാണ് ബിജെപി ഒറ്റ ശ്വാസത്തിൽ നക്കിത്തുടച്ചെടുത്തത്. മുഖ്യമന്ത്രി മമതാ ബാനർജി സ്വന്തം മണ്ഡലമായ ഭവാനിപ്പൂരിൽ പതിനയ്യായിരം വോട്ടിനാണ് തോറ്റത്. ബഹുസ്വരതയുടെ സംസ്കാരമെന്ന് വിളിപ്പേരുണ്ടായിരുന്ന ബംഗാൾ ഹിന്ദുത്വക്ക് കീഴൊതുങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവ് വർത്തമാന കാലത്തെ മാത്രമല്ല ചരിത്രത്തെക്കൂടി ശ്വാസംമുട്ടിക്കാൻ പോന്ന വിധം ഭീതിദമായതാണ്.

ദ്രാവിഡ തമിഴ് ഭൂമി ബിജെപിയുടെ ബാലികേറാമലയായി തന്നെ തുടരുകയായിരുന്നു. എം കെ സ്റ്റാലിൻ എന്ന പേര് രാജ്യത്ത് തന്നെ ബിജെപിയെ പലപ്പോഴും വിറപ്പിച്ചു. മികച്ച ഭരണകർത്താവായ എം കെ സ്റ്റാലിൻ്റെ സർക്കാരിന് തുടർച്ചയുണ്ടായില്ല എന്ന് മാത്രമല്ല സ്വന്തം മണ്ഡലമായ കൊളത്തൂരിൽ തീരെ അപ്രസക്തമായ ഒരു ടിവികെ സ്ഥാനാർഥിയോട് അവിശ്വസനീയമായ നിലയിലാണ് അദ്ദേഹം പരാജയപ്പെട്ടത്.

ഏതാണ്ടൊക്കെ അരാഷ്ട്രീയമായ വഴികളിലൂടെ വികസിച്ച് വന്ന ഒരു ഫാൻ കൂട്ടം ഒരു രാഷ്ട്രീയപാർട്ടിയായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട് വന്നാണ് ഇപ്പൊൾ ഭരണം പിടിച്ചിരിക്കുന്നത്. നടൻ വിജയ് നേതൃത്വം നൽകുന്ന ഈ പാർട്ടി ബിജെപിക്ക് ദ്രാവിഡ ഭൂമിയിലേക്കുള്ള ആഗമനത്തിൻ്റെ ലാസ്റ്റ് സ്റ്റെപ്പാണ്. ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തമിഴ്നാടും ഒരു ബംഗാൾ ആയി മാറാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യവും ഒരുങ്ങുകയാണ്.

കേരളത്തിൽ പ്രത്യക്ഷമായി നോക്കുകയാണെങ്കിൽ പരമ്പരാഗതമായ യുഡിഎഫ് എൽഡിഎഫ് രാഷ്ട്രീയം തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്ന് തോന്നുമെങ്കിലും ഇടത് പക്ഷത്തെ ദുർബലപ്പെടുത്തി ബിജെപിയെ മുന്നോട്ട് കൊണ്ട് വരാനുള്ള ആസൂത്രിതമായ നീക്കമാണ് ഇവിടെയും നടന്നത്. ചരിത്രത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി കേരള നിയമ സഭയിൽ എത്തുകയാണ്. യുഡിഎഫിനോട് പരമ ദയനീയമായ പരാജയം ഏറ്റുവാങ്ങി നിൽക്കുമ്പോഴും ഈ മൂന്ന് സീറ്റിലും ബിജെപിയോട് ബലാബലം പോരാടി നിന്നത് ഇടത് പക്ഷമാണ് എന്നതും ശ്രദ്ധേയമാണ്.

മറ്റിടങ്ങളിൽ വൻ വിജയം നേടുമ്പോഴും ഈ മൂന്ന് മണ്ഡലങ്ങളിലെ കോൺഗ്രസ് എവിടെയാണ് അലിഞ്ഞ് ഇല്ലാതായത്? എന്തുകൊണ്ടാണ് അവർ മൂന്നാം സ്ഥാനത്തായത്? കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും സംഭവിച്ചത് ഇതേ പാറ്റേണായിരുന്നു. എല്ലായിടത്തും വിജിഗീഷുവാകുമ്പോഴും ബിജെപി ജയിക്കുന്നേടത്ത് കോൺഗ്രസ് തീർത്തും ദുർബലമാകുന്ന വല്ലാത്ത ഒരു പ്രതിഭാസം. തമിഴ്നാട്ടിലെയും ബംഗാളിലേയും പോലെ മുഖ്യമന്ത്രി അവിശ്വസനീയമായ നിലയിൽ പരാജയപ്പെടുന്ന ഒരു ട്രെൻഡ് കേരളത്തിലും നടന്നു. എന്നാൽ പിണറായി വിജയൻ അവസാന ലാപ്പിൽ വിജയിച്ചു.

പല വിധ കാരണങ്ങൾ കൊണ്ട് രാഷ്ട്രീയ വിദ്യാർത്ഥികൾ സൂക്ഷ്മമായി വിലയിരുത്തുകയും പഠിക്കുകയും ചെയ്യേണ്ട നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഇപ്പോൾ കഴിഞ്ഞവ. ഓരോയിടങ്ങളും കീഴടക്കേണ്ട രീതി വെവ്വേറെയായി ബിജെപി പിന്തുടരുന്നു. കേരളത്തിൽ ഇത്തവണ വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ ഒഴിച്ച് ബിജെപി അവരുടെ വോട്ടുകൾ ആർക്ക് നൽകി ആരെ പരാജയപ്പെടുത്താനാണ് നോക്കിയത് എന്ന് കൂടി പരിശോധിക്കണം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ക്രമാനുഗതമായി ഉയർത്തിക്കൊണ്ട് വന്ന ബിജെപിയുടെ വോട്ട് ശതമാനം ഇത്തവണ കുത്തനെ താഴേക്ക് പോയി. 19.21 ശതമാനം വോട്ട് ഷെയറിൽ നിന്ന് ഒറ്റയടിക്ക് 11.42 ശതമാനത്തിലേക്കാണ് ബിജെപി കൂപ്പ് കുത്തിയിരിക്കുന്നത്. എന്നാൽ മൂന്ന് സീറ്റിൽ അവർ വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു! ഇത് വിരൽ ചൂണ്ടുന്നത് കർട്ടന് പിറകിൽ വർക്കൗട്ടായിരിക്കുന്ന ഒരു വലിയ മാനേജ്മെൻ്റ് സ്ട്രാറ്റേജിയിലേക്കാണ്. ഇടതുപക്ഷത്തിൻ്റെ പരാജയം വിശകലനം ചെയ്യുമ്പോൾ ഭരണവിരുദ്ധത, പിണറായി വിരുദ്ധത, നിലപാടുകളിലെ വിയോജിപ്പ്, ആഭ്യന്തര നവീകരണ ത്വര എന്നൊക്കെ പറയുന്ന പട്ടികയുടെ ആദ്യത്തേതായിട്ട് ചേർക്കേണ്ട ഒന്നാണ് ഈ സൂചിപ്പിച്ചത്.

ബംഗാളിൽ അധികാരം പിടിക്കുക,തമിഴ്നാട്ടിൽ ഡിഎംകെയും കേരളത്തിൽ സിപിഐ എമ്മും ദുർബലപ്പെടുക എന്നത് ഈ തെരഞ്ഞെടുപ്പിലെ ബിജെപി അജണ്ട കൂടിയാണ്. ടിവികെ വഴി തമിഴ്നാടും ഇടത്പക്ഷം ദുർബലപ്പെടുന്നതിലൂടെ കേരളവും അവർ ഉന്നം വെക്കുന്നുണ്ട്. ഭരണം പോയാൽ ദുർബലപ്പെടുന്ന പാർട്ടിയല്ല സി പി ഐ എം എന്ന യാഥാർഥ്യം തിരിച്ചറിയുന്നതിൽ ബിജെപി പരാജയമാണെങ്കിലും കേരളം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിൻ്റെ ആദ്യ ഘട്ടം അവർ വിജയിച്ചിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.